അത്തം ദിനത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കം
കണ്ണൂർ തില്ലങ്കേരിയില്‍ വര്‍ണ്ണ വസന്തം തീര്‍ത്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പിന് അത്തം ദിനത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി തില്ലങ്കേരി പഞ്ചായത്തില്‍ നടപ്പിലാക്കിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പുഷ്പകൃഷിക്ക് നല്ലൊരു വിപണിയാണ് കേരളത്തിലുള്ളതെന്നും അത് പൂര്‍ണമായും നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ആഘോഷങ്ങള്‍ക്ക് മാത്രമല്ല ആയുര്‍വ്വേദ രംഗത്തും ആവശ്യമായി വരുന്ന പുഷ്പങ്ങള്‍ വിളവെടുക്കാനും ഇതിലൂടെ പുതിയൊരു തൊഴില്‍ മേഖല ശക്തിപ്പെടുത്താനും കഴിയണം. ആധുനിക കാലഘട്ടത്തില്‍ പുഷ്പങ്ങള്‍ കൃഷി ചെയ്യുന്നത് കൃഷിക്കാര്‍ക്കും ആശ്വാസമാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കാവശ്യമായ പൂക്കള്‍ വരുന്നത്. എല്ലാ ആഘോഷങ്ങള്‍ക്കും ധാരാളം പുഷ്പങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഒരു മാര്‍ക്കറ്റ് കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുഷ്പകൃഷിയില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നതെന്നും ഓണത്തിന് പ്രദേശികമായി പൂക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 75 ശതമാനം സബ്സിഡിയില്‍ രണ്ട് ലക്ഷത്തോളം ഗുണമേന്മയുള്ള ചെണ്ടുമല്ലി തൈകളാണ് 50 ഗ്രാമ പഞ്ചായത്തുകള്‍ക്കായി വിതരണം ചെയ്തതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.
തില്ലങ്കേരി പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലായി മൂന്ന് ഏക്കറോളം സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. ജെ എല്‍ ജി ഗ്രൂപ്പുകളുടെയും പുരുഷ സ്വയംസഹായ സംഘത്തിന്റെയും സഹകരണത്തോടെയാണ് കൃഷി. ഓണത്തിനോടനുബന്ധിച്ച് ഒരുക്കുന്ന കുടുംബശ്രീയുടെ സ്റ്റാളുകള്‍ വഴി ചെണ്ടുമല്ലി വില്‍പ്പന നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് നേരിട്ടും വില്‍പന നടത്തും. കിലോയ്ക്ക് 150 മുതല്‍ 200 രൂപ വരെ ഈടാക്കി പൂക്കള്‍ വില്‍പ്പന നടത്താനാണ് തീരുമാനമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് പറഞ്ഞു.
പനക്കാട്ട് ക്ഷേത്രപരിസരത്ത് നടന്ന പരിപാടിയില്‍ വൈസ് പ്രസിഡണ്ട് പി പി ദിവ്യ ചെണ്ടുമല്ലിയുടെ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, തോമസ് വര്‍ഗീസ്, അന്‍സാരി തില്ലങ്കേരി, പി പി ഷാജിര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.