* കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത് കൂട്ടായ്മ -ഗവർണർ

സ്ഥാനമൊഴിയുന്ന ഗവർണർ പി. സദാശിവത്തിന് രാജ്ഭവനിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. മനോഹരമായ കേരളത്തിൽ ഗവർണർ പദവിയിൽ ഇരിക്കാനായത് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുവർഷത്തിനിടെ വന്ന പ്രകൃതി ദുരന്തങ്ങൾ മറികടന്ന് മുന്നേറാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ലോകത്തിന് മാതൃകയാണ്.

ഒരു ആഹ്വാനവും വരുംമുമ്പ് തന്നെ മുന്നിട്ടിറങ്ങിയ ജനങ്ങളാണ് ഇവിടെയുള്ളത്. ഈ കൂട്ടായ്മയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നത്.
ദുരിതാശ്വാസ സമാഹരണത്തിൽ യുവാക്കളുടെ പങ്കാളിത്തം, മത്സ്യത്തൊഴിലാളികളുടെ നിസ്വാർഥ സേവനം എല്ലാം ശ്രദ്ധേയമാണ്.

രാഷ്ട്രീയനേതൃത്വവും ക്രിയാത്മകമായാണ് സാമൂഹികവികസനത്തിനായി പ്രവർത്തിക്കുന്നത്. നവകേരളം നിർമാണമെന്ന ആശയത്തിലേക്ക് കുറഞ്ഞ വർഷങ്ങളിൽ എത്താനാകും. ചാൻസലേഴ്സ് അവാർഡ് സർവകലാശാലകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിന് സഹായമായി.

വിദ്യാർഥികളിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികളും പത്രവാർത്തകളും സർക്കാരിന്റെയും സർവകലാശാലകളുടെയും ശ്രദ്ധയിൽപ്പെടുത്താറുണ്ട്. നടപടിയുണ്ടാകുമ്പോൾ അതിൽ നന്ദി അറിയിച്ചും നിരവധി പ്രതികരണങ്ങൾ ലഭിക്കാറുണ്ട്.

ഗവർണർ പദവിയിൽ ഇരിക്കുമ്പോൾ എല്ലാ വിഭാഗങ്ങൾക്കും മതവിഭാഗങ്ങൾക്കും തുല്യപരിഗണനയാണ് നൽകിയത്. ജനങ്ങളുടെ കടമകൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
സമ്മിശ്രവികാരത്തോടെയാണ് രാജ്ഭവനിൽ നിന്ന് വിടവാങ്ങുന്നതെന്ന് ഗവർണർ പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയിലെ തിരക്കിട്ട സമയക്രമത്തിൽ നിന്നാണ് ഗവർണറായി വന്നത്.

കർഷകകുടുംബത്തിൽനിന്ന് കഠിനാധ്വാനത്തിലൂടെയാണ് ഉന്നതപദവിയിലെത്തിയത്. കൂട്ടായ പരിശ്രമവും സർക്കാരിന്റെ സഹകരണവും മൂലം രാജ്ഭവനിൽ സൗകര്യങ്ങൾ വർധിപ്പിക്കാനായി. ഇവിടെയെത്തുന്നവരുടെ സൗകര്യാർഥം റാമ്പുകൾ സ്ഥാപിച്ചു. പി.ഡബ്ളിയു.ഡിയുടെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യാനായി. സി.സി.ടി.വി കൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.

ഗ്രീൻ പ്രോട്ടോക്കോളും കൃഷിയും പ്രോത്സാഹിപ്പിക്കാൻ പരമാവധി ശ്രമിച്ചു. കുപ്പിവെള്ളം ഒഴിവാക്കി ഫിൽറ്റർ വാട്ടർ ജീവനക്കാർക്കായി സ്ഥാപിച്ചു. ജൈവകൃഷി, ഔഷധസസ്യക്കൃഷി, ബാംബൂ ഗാർഡൻ തുടങ്ങിയവ രാജ്ഭവനിൽ ആരംഭിക്കാനായി. രാജ്ഭവനിലെ ജീവനക്കാരുടെ സഹകരണം ഓരോ വിഭാഗത്തെയും എടുത്തുപറഞ്ഞ് അദ്ദേഹം സ്മരിച്ചു. രാജ്ഭവൻ ജീവനക്കാരുടെ ഉപഹാരം ഗവർണർക്കും പത്നി സരസ്വതി സദാശിവത്തിനും സമ്മാനിച്ചു.

ചടങ്ങിൽ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊഡാവത്ത്, എ.ഡി.സി ഡോ. അരുൾ ആർ.ബി. കൃഷ്ണ, കംപ്ട്രോളർ ശാന്തി, ഡെപ്യൂട്ടി സെക്രട്ടറി ആർ.കെ. മധു, സുമ, പി.ആർ.ഒ എസ്.ഡി. പ്രിൻസ്, വിവിധ വിഭാഗം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.