കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡായ അമ്പലത്തുകരയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 10 മുതല്‍ 15 വരെ വാര്‍ഡുകള്‍, അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 9, 10 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. ഈ മാസം 30ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് അവകാശവാദമോ ആക്ഷേപമോ ഈ മാസം 19 വരെ സ്വീകരിക്കും. ഇവയില്‍ 29നകം തീര്‍പ്പുകല്‍പ്പിച്ചാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. നിലവിലെ കരട് വോട്ടര്‍പട്ടിക മേല്‍പറഞ്ഞ പഞ്ചായത്ത് ഓഫീസുകളിലും ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ലഭ്യമാണ്. വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടികളക്ടര്‍ കെ ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
