കൊല്ലം: കളങ്കമില്ലാത്ത കളിചിരികള്‍ക്ക് വേദിയായി ഫോസ്റ്റര്‍ കെയര്‍ സംഗമം 2019. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ശിശുസംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ സംഘടിപ്പിച്ച ഫോസ്റ്റര്‍ കെയര്‍ സംഗമത്തിലാണ് ജീവിതത്തില്‍ ഒറ്റയ്ക്കായ കുഞ്ഞുങ്ങളും അവരുടെ കരം പിടിച്ചു കരുതലേകിയ മാതാപിതാക്കളും ഒത്തുചേര്‍ന്നത്. ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്ന് ഫോസ്റ്റര്‍ കെയര്‍ അഥവാ വീട്ടു വളര്‍ത്തല്‍ പരിചരണത്തിന് അവസരം ലഭിച്ച കുട്ടികളുടെയും അവരെ ഏറ്റെടുത്ത മാതാപിതാക്കളുടേയും ഒത്തുചേരലില്‍ നൂറോളം കുടുംബങ്ങളാണ് പങ്കെടുത്തത്.

മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ബാലനീതി നിയമപ്രകാരം കുട്ടികളുടെ സ്ഥാപനവാസത്തിനപ്പുറം അതിജീവനത്തിന്റെ സുസ്ഥിരത കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധേയവും നയപരവുമായ ഉള്‍ക്കാഴ്ചയാണ് ഇത്തരമൊരു സംഗമത്തിന് മാറ്റ് കൂട്ടുന്നത് എന്ന് മേയര്‍ പറഞ്ഞു.
ഏറ്റെടുത്ത കുടുംബങ്ങളുടെ പരിചരണ മികവില്‍ തിളക്കമാര്‍ന്ന വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ അനുമോദിച്ചു. മികച്ച ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം ബി.ആര്‍.സി നല്‍കിവരുന്ന പുരസ്‌കാരങ്ങളുടെ വിതരണവും നടന്നു. ജില്ലാ ചൈല്‍ഡ്ലൈന്‍ കോഓര്‍ഡിനേറ്റര്‍ സി. എബ്രഹാം, സാമൂഹ്യ പ്രവര്‍ത്തകന്‍ കെ. മനോഹരന്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരങ്ങള്‍.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ കെ. പി സജിനാഥ് അധ്യക്ഷനായി. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. ജെ ആന്റണി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സനില്‍ വെള്ളിമണ്‍, ഡോ. അനിതകുമാരി, സി. ബി. എം. ആര്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി ഡോ. അബു ചെറിയാന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജെ. പ്രസന്നകുമാരി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ ഷണ്‍മുഖദാസ്, മീനാകുമാരി, മുരളീധരന്‍പിള്ള, സോനു എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോസ്റ്റര്‍ കെയര്‍ രക്ഷിതാക്കളുടെ അനുഭവം പങ്കിടല്‍, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു.