കനകക്കുന്നിൽ ഓണം വാരാഘോഷം അടിച്ചുപൊളിക്കുന്നതിനൊപ്പം സർക്കാരിന്റെ വികസന പദ്ധതികളെ അടുത്തറിയാനും അവസരം. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് കനകക്കുന്ന് പരിസരത്ത് ഇതിനായി നൃശ്ചലദൃശ്യങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ മിഷനുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ രേഖാചിത്രങ്ങൾ സഹിതം ഉൾക്കൊള്ളിച്ച് പ്രദർശിപ്പിച്ചിരിക്കുന്നു.

ശുചിത്വം, മാലിന്യ സംസ്‌കരണം, മണ്ണ്-ജല സംരക്ഷണം, ജൈവകൃഷി എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങൾ മാതൃകയാണ്.

ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന ആർദ്രം മിഷൻ, സർക്കാർ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരണം നിശ്ചലദൃശ്യങ്ങളിലൂടെ ലഭിക്കും. ഭവനരഹിതർ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെയുള്ള ലൈഫ് മിഷന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്.

വനിതകൾക്കും കുട്ടികൾക്കുമായി സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, പ്രളയാനന്തര പുനർനിർമ്മാണത്തിനായുള്ള റീബിൽഡ് കേരള എന്നിവയെപ്പറ്റിയും മനസിലാക്കാം. സർക്കാർ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയെക്കുറിച്ചറിയാനും അവസരമുണ്ട്. ആകെ പന്ത്രണ്ട് നിശ്ചലദൃശ്യങ്ങളാണ് കനകക്കുന്നിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്.