ഓണം ആഘോഷിക്കാൻ മ്യൂസിയം പരിസരത്തെത്തുന്നവർ കളരി അഭ്യാസമുറകളുടെ ചൊൽതാരകേട്ട് അത്ഭുതപ്പെട്ടു. മെയ് വഴക്കവും അഭ്യാസമുറകളാലും ഓണം കാണാനെത്തിയവരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുകളഞ്ഞു കളരിസംഘങ്ങൾ. അങ്ങനെ കേരളത്തിന്റെ തനത് ആയോധനകലയെ അടുത്തറിയാനുള്ള വേദികൂടിയായി മ്യൂസിയം വളപ്പിലെ കളരിപ്പയറ്റ് വേദി.

പത്തോളം കളരി സംഘങ്ങളാണ് ഓണാഘോഷ പരിപാടികളിൽ കളരിപ്പയറ്റ് അവതരിപ്പിക്കുന്നത്. മെയ്പ്പയറ്റ്, വടിവുകൾ, ചുവടുകൾ എന്നിവ അവതരിപ്പിക്കുന്നത്. പ്രധാന മുറകളായ വാൾപയറ്റ്, ഉറുമി വീശൽ എന്നിവ പ്രേക്ഷകഹൃദയം കീഴടക്കി. വർഷങ്ങളായി കളരിപ്പയറ്റിൽ പരിശീലനം നടത്തുന്നവരാണ് ഓരോ ദിവസവും മ്യൂസിയം പരിസരത്ത് അഭ്യാസപ്രകടനം നടത്താനെത്തുന്നത്.