കൊല്ലം: സൂഫി സംഗീതത്തെ അറിയുവാനും ആസ്വദിക്കുവാനും കൊല്ലം നിവാസികള്‍ക്ക് അവസരമൊരുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കൊല്ലം ബീച്ചില്‍ പ്രശസ്ത സിനിമ പിന്നണി ഗായികയും-സംഗീത സംവിധായകയുമായ അനിതാ ഷെയ്ഖിന്റെ മാസ്മരിക ശബ്ദത്തിലാണ് സൂഫീ സംഗീതം പെയ്തിറങ്ങിയത്.
‘അനിത ഷെയ്ഖ് ലൈവ് ബാന്‍ഡ്’ ആഫ്രിക്കന്‍, അറേബ്യ, ഉറുദു, ഹിന്ദി, മലയാളം, തമിഴ്  തുടങ്ങി വിവിധ  ഭാഷകളിലായി നൂറിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
സൂഫി സംഗീതത്തിന്റെ അപൂര്‍വ്വരാഗങ്ങള്‍ ആസ്വദിക്കാനായി നൂറുകണക്കിനാളുകളാണ്  കൊല്ലം ബീച്ചില്‍ എത്തിയത്. പ്രശസ്ത പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റിന്റെ അടിപൊളി ഗാനങ്ങളും  ആവേശതിര ഉയര്‍ത്തി.
ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഗ്രേസ്  വോയിസിന്റെ  ഗാനമേളയും, 8 പോയിന്റ് ആര്‍ട്ട് കഫേയില്‍ ഭാവന ഗ്രന്ഥശാല കലാസാംസ്‌കാരിക വേദി അവതരിപ്പിച്ച വില്‍ കലാമേളയും  ജനശ്രദ്ധയാകര്‍ഷിച്ചു. ചാത്തിനാംകുളം പബ്ലിക് ലൈബ്രറിയില്‍  നിലാവ് ഓച്ചിറയുടെ ഗാനമേളയും അരങ്ങേറി.
സംസ്ഥാന ടൂറിസം വകുപ്പിന്റെ അഭിമുഖ്യത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എട്ട് വേദികളിലായി സംഘടിപ്പിപ്പിക്കുന്ന വാരാഘോഷത്തിന് ഇന്ന്(15/9/2019) സമാപനമാകും. വൈകിട്ട് ആറിന് കൊല്ലം ബീച്ചില്‍ ബഡായി ബംഗ്ലാവ് ഫ്രെയിം ആര്യ നയിക്കുന്ന മെഗാഷോ സമാപന ദിവസത്തിന്റെ ആകര്‍ഷണമാകും.  ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്ക്, 8 പോയിന്റ് ആര്‍ട്ട് കഫേ, നവോദയ ഗ്രന്ഥശാല എന്നിവിടങ്ങളില്‍ ഒരുക്കിയ വേദികളിലും  കലാപരിപാടികള്‍ അരങ്ങേറും.