പിണറായിയിലെ മണ്ഡലം ഓഫീസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാനെത്തിയത് 150ഓളം പേര്‍.  ഓരോ പരാതിയും വിശദമായി വായിച്ചശേഷം പലതിലും മുഖ്യമന്ത്രി വേണ്ടതു ചെയ്യാമെന്ന് ഉറപ്പുനല്‍കി. അല്ലാത്തവ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് പരാതിക്കാരെ അറിയിച്ചു. വിവിധ വകുപ്പുകള്‍ക്കു നല്‍കേണ്ട പരാതികള്‍ അതുവഴി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പരിഗണിക്കാന്‍ അര്‍ഹതയില്ലാത്ത അപേക്ഷകള്‍ അതാത് സമയത്തുതന്നെ ശ്രദ്ധയില്‍പ്പെടുത്താനും അദ്ദേഹം മറന്നില്ല.
പിണറായി ലക്ഷം വീട് കോളനിയില്‍ മുഴുവന്‍ വീടുകള്‍ക്കും പട്ടയം ലഭിക്കുന്നതിനും റോഡ് ടാര്‍ ചെയ്യുന്നതിനും ചുറ്റുമതില്‍ കെട്ടുന്നതിനും നടപടിയാവശ്യപ്പെട്ട് കോളനി നിവാസികള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. കോളനിയിലെ 24 വീടുകളില്‍ ഒന്‍പത് വീടുകള്‍ക്കേ പട്ടയം ലഭിച്ചിട്ടുള്ളൂ. ഇത് കാരണം വീടുകള്‍ക്ക് നമ്പര്‍ ലഭിച്ചില്ല. കോളനിയിലേക്കുള്ള റോഡ് ടാറിങ്ങിനും കോളനിയിലെ കിണര്‍ നവീകരണത്തിനും ഫണ്ട് അനുവദിക്കണമെന്നും അപേക്ഷയില്‍ പറഞ്ഞു.


കയര്‍ഫെഡ് ചകിരിയുടെ വില വര്‍ധിപ്പിക്കുകയും ചൂടിയുടെ  വില കുറക്കുകയും ചെയ്തത് ശ്രദ്ധയില്‍പെടുത്താനാണ് പാറപ്രത്തെ കയര്‍ സഹകരണസംഘം ഭാരവാഹികള്‍ എത്തിയത്. ഇക്കാര്യത്തില്‍ ഇടപടണമെന്ന് സംഘം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. കാലവര്‍ഷത്തില്‍ നാശം നേരിട്ടവരും നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകളുമായി മുഖ്യമന്ത്രിയെ കാണാനെത്തി. ചികില്‍സാ സഹായങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് മുന്‍ഗണനാവിഭാഗത്തിലേക്ക് മാറ്റുന്നതിനുമായുള്ള അപേക്ഷകളും മുഖ്യമന്ത്രിയുടെ മുന്നിലെത്തി. നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡര്‍മാരും നിവേദനവുമായി എത്തിയിരുന്നു. നേരത്തെ നല്‍കിയ നിവേദനങ്ങള്‍ വീണ്ടും വന്നപ്പോള്‍ അത് നടപടിക്കായി അയച്ചകാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിയെ കാണാനും പരിചയം പുതുക്കാനും എത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു. മണ്ഡലം പ്രതിനിധി പി ബാലന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.