ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ  താത്പര്യങ്ങള്‍ കൂടി പരിഗണിച്ചാകണം പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളെന്ന് ഇത് സംബന്ധിച്ച് ന്യൂ ഡല്‍ഹിയില്‍നടന്ന ദേശീയ സെമിനാര്‍.  കേരള ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ചെയര്‍മാനായുള്ള തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക് സേഷനാണ് (GIFT) ന്യൂഡല്‍ഹി ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.  വിവിധ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും ധനകാര്യ വിദഗ്ധരുമാണ് സെമിനാറില്‍ പങ്കെടുത്തത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.  ഭരണഘടനയില്‍ നിന്നാണ്  ധനകാര്യ കമ്മിഷന് അധികാരം കൈവരുന്നത്. അതിനാല്‍ കമ്മീഷന്റെ അധിക പരാമര്‍ശ വിഷയങ്ങള്‍ക്ക് പ്രത്യേക പ്രസക്തിയുണ്ട്. നികുതി വരുമാനത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം അനിവാര്യമാണ്. സഹകരണ ഫെഡറലിസം കൊടുക്കല്‍ വാങ്ങലാണ്. അതിനാല്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇത് കേവലം നികുതി പങ്കുവയ്ക്കല്‍ മാത്രമല്ല വിഭവങ്ങളുടെ പങ്കു വയ്ക്കലും ഇതിന്റെ ഭാഗമാകണം അദ്ദേഹം പറഞ്ഞു.  ഡോ.തോമസ് ഐസക്, ആര്‍ മോഹന്‍, ലേഖാ ചക്രബര്‍ത്തി എന്നിവര്‍ ചേര്‍ന്ന് രചിച്ച ചാലഞ്ച്‌സ്   ടു ഇന്ത്യന്‍ ഫിസ്‌കല്‍ ഫെഡറലിസം എന്ന പുസ്തകവും ഡോ മന്‍മോഹന്‍ സിംഗ് പ്രകാശനം ചെയ്തു.
വ്യത്യസ്ത ആശയങ്ങളുടെ കൂടിച്ചേരലാണ് ഈ സെമിനാറെന്ന്  ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ അഭിപ്രായമാണുള്ളത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ധനകാര്യ കമ്മിഷനെന്ന സ്ഥാപനത്തെ ഇന്ത്യയെന്ന സാംസ്‌കാരിക വൈവിധ്യത്തിന്റെ വലിയ പശ്ചാത്തലത്തില്‍കാണണമെന്നതാണ്.   സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി , പതിനാലാം ധനകാര്യ കമ്മീഷന്‍ അംഗം അഭിജിത്ത് സെന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സെന്റര്‍ ഫോര്‍ മള്‍ട്ടി ലെവല്‍ ഫെഡറലിസം ചെയര്‍പേഴ്‌സണ്‍ ബല്‍വീര്‍ അറോറ,ജെ.എന്‍ യു.പ്രൊഫസര്‍ ജയതി ഘോഷ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ നൈനാന്‍, ഡല്‍ഹി  ഹൈകോര്‍ട്ട് മുന്‍ ചീഫ് ജസ്റ്റീസ് എ പി ഷാ, ജെഎന്‍ യു. പ്രൊഫസര്‍ എമിററ്റസ് പ്രഭാത് പട്‌നായിക് എന്നിവര്‍ വിവിധ പാനല്‍ ചര്‍ച്ച കളില്‍ അധ്യക്ഷത വഹിച്ചു.  സി പി ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, മുന്‍ കേന്ദ്രമന്ത്രി ജയറാം രമേഷ്, സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഹര്‍ഷ് മന്ദര്‍, സി പി ഐ എം എല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, സുപ്രിം കോര്‍ട്ട് സീനിയര്‍ അഡ്വ. ഇന്ദിരാ ജയ്‌സിംഗ്, ഡല്‍ഹി ധനകാര്യ മന്ത്രി മനീഷ് സിസോഡിയ, ജമ്മു കശ്മീര്‍ മുന്‍ധനകാര്യ മന്ത്രി ഹസീബ് എ ദ്രാബു, പതിനാലാം ധനകാര്യ കമ്മിഷന്‍ അംഗങ്ങളായ സുദിപ് തോ മണ്ഡല്‍, ഗോവിന്ദ റാവു, പതിമൂന്നാം ധനകാര്യ കമ്മീഷന്‍ അംഗങ്ങളായ ഇന്ദിര രാജാ രാമന്‍, അതുല്‍ ശര്‍മ്മ, പന്ത്രണ്ടാം ധനകാര്യ കമ്മിഷന്‍ അംഗം ഡി കെ ശ്രീവാസ്തവ, വെങ്കിടേഷ് ആത്രേയ, ഹിമാനി ബക്ഷി, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡി നാരായണ, എ.വി ജോസ്,   പ്ലാനിംഗ് കമ്മീഷന്‍ മുന്‍ ഉപദേശകന്‍ എന്‍ ജെ കുര്യന്‍, മാധ്യമ പ്രവര്‍ത്തകരായ ടി.കെ അരുണ്‍, എം കെ വേണു, ഡി വിജയമോഹന്‍, മിഹില്‍ ശര്‍മ്മ, ഹരീഷ് ദാമോദരന്‍, ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഫാക്കല്‍ട്ടി സുകുമാര്‍ മുരളീധരന്‍, ജെ എന്‍ യു  പ്രൊഫസര്‍മാരായ സി പി ചന്ദ്രശേഖരന്‍, പ്രവീണ്‍ ഝാ, ലേഖാ ചക്രബര്‍ത്തി, കേരള പ്ലാനിംഗ് ബോര്‍ഡ് അംഗം കെ രവി രാമന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഉപസംഹാര യോഗത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് അധ്യക്ഷത വഹിച്ചു.  ഗിഫ്റ്റ് ഡയറക്ടര്‍  കെ. ജെ ജോസഫ്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. തോമസ് ജോസഫ് തുടങ്ങിയവര്‍ സെമിനാറിന്  നേതൃത്വം നല്‍കി.