ഹിന്ദിയുടെ പേരിൽ വിവാദം സൃഷ്ടിക്കാനുള്ള നീക്കം രാജ്യത്ത് നിലനിൽക്കുന്ന മൂർത്തമായ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ”ഹിന്ദി അജണ്ട”യിൽ നിന്ന് പിന്മാറാൻ തയാറായിട്ടില്ല. ഭാഷയുടെ പേരിൽ പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണത്. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്.
ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമായേ അതിനെ കാണാനാവൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.