ഓണം വാരാഘോഷത്തോടാനുബന്ധിച്ച് ജില്ലയിലെ പ്രധാന വിനോദസഞ്ചാര
കേന്ദ്രങ്ങളായ നെയ്യർഡാമിലും നെയ്യാറ്റിൻകരയിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നെയ്യാർഡാമിൽ സജ്ജീകരിച്ചിരിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ എല്ലാ ദിവസവും ആസ്വാദകരുടെ നീണ്ടനിര കാണാം. കൂടാതെ വിവിധ കലാ പരിപാടികളും വിൽപ്പനസ്റ്റാളുകളും സന്ദർശകരെ വരവേൽക്കുന്നു.

നെയ്യാറ്റിൻകരയിലെ വേദിയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഗാനമേള, സംഗീത കച്ചേരി, മിമിക്‌സ്, നാടൻപാട്ട്, വിൽപാട്ട് പരിപാടികൾ നടക്കുന്ന വേദികളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മെഡിക്കൽ എക്‌സിബിഷൻ, മ്യൂസിക്കൽ വാട്ടർഫൗണ്ടൻ, കാർണിവൽ ,മലബാർ ഭക്ഷ്യമേള തുടങ്ങിയവയാണ് നെയ്യാർ മേളയിലെ മറ്റു ആകർഷണങ്ങൾ. ചിന്താലയ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളുടെ സമൂഹതിരുവതിര കെ.റ്റി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ  എം.എൽ.എ മുഖ്യ അഥിതിയായിരുന്നു.

ഡാമിന്റെ പ്രവേശനകവാടം മുതൽ ഉള്ളിലേക്ക് എല്ലാ വഴികളിലേക്കും ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. ഡാമിന്റെ മുകളിലും പ്രതിമകളിലും മരച്ചില്ലകളിലുമൊക്കെയായിട്ടാണ് വിവിധനിറത്തിലുള്ള ദീപപ്രപഞ്ചം സൃഷ്ടിച്ചിട്ടുണ്ട്. ഡാമിൽ നിന്നു കുതിച്ചുവരുന്ന ജലത്തിൽ ഈ നിറങ്ങൾ പ്രതിഫലിക്കുന്നത് സന്ദർശകരെ ആശ്ചര്യപ്പെടുത്തുന്നു.

ഓണാഘോഷത്തിനൊപ്പം ലയൺ സഫാരി പാർക്ക്,ചീങ്കണ്ണി പാർക്ക്, മാൻ പാർക്ക്, അക്വാറിയം, ബോട്ടിംഗ്, ട്രക്കിങ് എന്നിവയും സന്ദർശകർക്ക് കണ്ണിന് ഇമ്പമേകുന്നു. സെപ്റ്റംബർ 15ന് നടക്കുന്ന സമാപനസമേളനത്തോടെ നെയ്യർഡാമിന്റെ ഇത്തവണത്തെ ഓണാഘോഷം അവസാനിക്കും. നെയ്യാറ്റിൻകരയിൽ സെപ്റ്റംബർ 22 വരെ മേള തുടരും.