പത്തനംതിട്ട: ആറന്മുള ജലോത്സവം കൂടുതല്‍ മികച്ച രീതിയില്‍ നടത്തുന്നതിന് എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സത്രക്കടവില്‍ ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് നടത്തിയ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആറന്മുള ജലോത്സവത്തിന് കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന മന്ത്രിസഭയില്‍ തീരുമാനം എടുക്കുന്നതിന് മന്ത്രി എന്ന നിലയില്‍ പൂര്‍ണ പിന്തുണ നല്‍കും. ജലോത്സവത്തിനായി ഗ്രാന്റ് അഞ്ച് ലക്ഷം രൂപയെന്നത് 10 ലക്ഷം രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇനിയും ആവശ്യമായ സഹായം ലഭിക്കുന്നതിന് ടൂറിസം-ദേവസ്വം മന്ത്രിയുമായും എംഎല്‍എമാരുമായും ചേര്‍ന്ന് കൂട്ടായ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.


ആറന്മുള ജലോത്സവം മികച്ച രീതിയില്‍ നടത്തുന്നതിന് പള്ളിയോട സേവാ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. മറ്റ് മത്സരവള്ളം കളികളില്‍ നിന്ന് വ്യത്യസ്തയുള്ളതാണ് ആറന്മുള വള്ളംകളി. വേഗം മാത്രമല്ല വിജയത്തിന്റെ മാനദണ്ഡം. വഞ്ചിപ്പാട്ടും താളവും വേഷവുമെല്ലാം വിജയിയെ നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്. മനോഹരവും അത്യപൂര്‍വവുമായ കാഴ്ചയാണ് ആറന്മുള വള്ളംവളി നല്‍കുന്നതെന്നും മന്ത്രി രാജു പറഞ്ഞു. യോജിപ്പിന്റെയും ഐക്യത്തിന്റെയും കാഴ്ചയാണ് ആറന്മുളയില്‍ കാണുന്നത്. ഇത്തരം ഐക്യത്തിലൂടെ രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രശസ്ത കവി എസ്.രമേശന്‍ നായര്‍ക്ക് രാമപുരത്തുവാര്യര്‍ അവാര്‍ഡ് മന്ത്രി കെ.രാജു സമ്മാനിച്ചു.