ആറന്മുള ജലോത്സവം ലോകത്തിന് മുന്നില്‍ എത്തിക്കും

ആറന്മുള ഉത്തൃട്ടാതി ജലമേള ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  സത്രക്കടവില്‍ ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത വര്‍ഷം ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പമ്പയാറിന്റെ തീരത്ത് തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മന്ത്രി പറഞ്ഞു.


മലയാള നാടിന്റെ അഭിമാനമാണ് ഈ ജലോത്സവം. നാടിന്റെയാകെ സാംസ്‌കാരിക പെരുമയും പൈതൃകവും വിളിച്ചറിയിക്കുന്നതാണിത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ ആറന്മുള ജലോത്സവം ഒരു നാടിന്റെയാകെ ആവേശവും അഭിമാനവും ഒരുമയുടെ പ്രതീകവുമാണ്. നൂറിലധികം ജലോത്സവങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അത്തരം ജലോത്സവങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നതാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ്. മത്സരത്തിന്റെ ഭാഗമായല്ല, ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായാണ് ആറന്മുള ജലോത്സവം നടത്തുന്നത്. അതിനാലാണ് ഐ.പി.എല്‍ മാതൃകയിലുള്ള ഈ ലീഗില്‍ ആറന്മുള ജലോത്സവത്തെ ഉള്‍പ്പെടുത്താതിരുന്നത്. ടൂറിസം കലണ്ടറില്‍ ഇടംനേടിയ ആറന്മുള വള്ളംകളിയെ തനിമ നഷ്ടപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ആറന്മുള ജലോത്സവം മികച്ച രീതിയില്‍ നടത്തുന്നതിന് സര്‍ക്കാര്‍ ഇനിയും സഹായം ചെയ്യും. പള്ളിയോട സേവാ സംഘവും വീണാ ജോര്‍ജ് എംഎല്‍എയും സഹായങ്ങള്‍ അഭ്യര്‍ഥിച്ച് സമീപിച്ചിരുന്നു.
ആറന്മുളയില്‍ പൈതൃക ടൂറിസത്തിനു പ്രാധാന്യം നല്‍കുന്നിന് ആവശ്യമായ നടപടികള്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആറന്മുള എന്ന മനോഹരഗ്രാമം കേരളത്തിന്റെ ഗതകാല പൈതൃകത്തിന്റെയും പ്രൗഡിയുടെയും പ്രതീകമാണ്. പമ്പയാറ്റില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പള്ളിയോടങ്ങളും ആറന്മുള കണ്ണാടിയും വഞ്ചിപ്പാട്ടും വിഭവസമൃദ്ധമായ വള്ളസദ്യയും ചുവര്‍ചിത്രങ്ങളുമെല്ലാം പഴമ ചോരാതെ ഈ മണ്ണില്‍ നിലനില്‍ക്കുന്നത് ലോകത്തെ ഒന്നാകെ അത്ഭുതപ്പെടുത്തുന്നതാണ്. ജലത്തിലെ പൂരമാണ് ആറന്മുള ജലോത്സവം. ആറന്മുളയുടെ പൈതൃകം നശിപ്പിക്കുന്ന വികസനമല്ല സര്‍ക്കാര്‍ ലക്ഷ്യം. പൈതൃക സമ്പത്ത് നിലനിര്‍ത്തി കൊണ്ടുള്ളതാകും വികസനം. സമ്പുഷ്ടമായ ആറന്മുള അരി ഉല്പാദിപ്പിക്കുന്ന വികസനമാണ് ഇവിടെ വേണ്ടത്. അല്ലാതെ വിമാനത്താവളമല്ലെന്നും മന്ത്രി പറഞ്ഞു.
മത്സര വള്ളംകളിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ക്ക് രാമപുരത്ത് വാര്യര്‍ അവാര്‍ഡ് വനം വകുപ്പ് മന്ത്രി കെ രാജു സമ്മാനിച്ചു. വഞ്ചിപ്പാട്ട് ആചാര്യന്‍ മേലുകര ശശിധരന്‍ നായരെ ആന്റോ ആന്റണി എംപി ആദരിച്ചു. മുഖ്യശില്‍പ്പി അയിരൂര്‍ സതീഷ് ആചാരിയെ വീണാ ജോര്‍ജ് എംഎല്‍എ ആദരിച്ചു. എംഎല്‍എമാരായ  രാജു ഏബ്രഹാം, സജി ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പള്ളിയോട യുവശില്‍പ്പി വിഷ്ണു വേണു ആചാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിച്ചു.
സുവനീര്‍ പ്രകാശനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ കെ പി സോമന് നല്‍കി നിര്‍വഹിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷത വഹിച്ചു.  തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്‍എസ്എസ് പ്രസിഡന്റ്് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ നല്‍കി.  ജില്ലാ കളക്ടര്‍ പി ബി നൂഹ്, ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ കെ.പി. ശങ്കര്‍ദാസ്, അഡ്വ. വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കേരള ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍. കൃഷ്ണകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, മുന്‍ എംഎല്‍എമാരായ കെ.സി രാജഗോപാലന്‍, അഡ്വ.കെ. ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എപി ജയന്‍, അശോകന്‍ കുളനട, പ്രൊഫ.ടി.കെ.ജി നായര്‍, വിക്ടര്‍ ടി തോമസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി. രാധാകൃഷ്ണ മേനോന്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഹരികുമാര്‍ കോയിക്കല്‍, ഡി. അനില്‍കുമാര്‍, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരായ പി.എന്‍. സുകുമാര പണിക്കര്‍, അഡ്വ. സി.എന്‍. സോമനാഥന്‍ നായര്‍, അഡ്വ. വി.ആര്‍. രാധാകൃഷ്ണന്‍, എന്‍എസ്എസ് രജിസ്ട്രാര്‍ പി.എന്‍. സുരേഷ്, അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമഹാ മണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് സുരേഷ് ജി പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്നലെ രാവിലെ ആറന്മുള സത്രത്തിലെ പവലിയന് സമീപമുള്ള വേദിയില്‍  ജില്ലാ കളക്ടര്‍ പി ബി നൂഹ് പതാക ഉയര്‍ത്തി. ഉദ്ഘാടനത്തിന് ശേഷം വാട്ടര്‍ സ്റ്റേഡിയത്തില്‍ തിരുവോണത്തോണി വരവ്, അവതരണ കലകള്‍, ജലഘോഷയാത്ര എന്നിവ നടന്നു.