ഒരു പകലിന്റെ ആവേശക്കാഴ്ചകളൊരുക്കി കല്ലാര്‍കുട്ടിയില്‍ ജലോത്സവം നടന്നു.ആദ്യമായി ഇടുക്കിയില്‍ അരങ്ങേറിയ ജലോത്സവം ഇനി പുതിയ ചരിത്രങ്ങളില്‍ ഇടംപിടിക്കും. വള്ളംകളിയുടെ ഈണവും താളവും ഒപ്പം ജലമത്സരങ്ങളും സംഘടിപ്പിച്ചാണ് മുതിരപ്പുഴയാര്‍ ഒഴുകിയെത്തുന്ന കല്ലാര്‍കുട്ടിയില്‍ ആദ്യമായി ജലോത്സവം നടന്നത്.  മുതിരപ്പുഴ ടൂറിസം ഡവലപ്പ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെയും കെഎസ്ഇബി ഹൈഡല്‍ ടൂറിസത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.  മണ്‍സൂണ്‍ ടൂറിസം പരിപാടികളും ഓണാഘോഷവും ഗംഭീരമായി അരങ്ങേറിയപ്പോള്‍ വെള്ളപ്പരപ്പില്‍ ആവേശം തീര്‍ത്ത് ചെറുവള്ളങ്ങളും തുഴവീശി കൊമ്പുകോര്‍ത്തു.ജലഘോഷയാത്രയോടെയായിരുന്നു ജലോത്സവത്തിന് തുടക്കമായത്.
വള്ളം കളി മത്സരത്തില്‍  ഒന്നാം സ്ഥാനം ബിജു വേഴെപ്പറമ്പില്‍ മുതിരപ്പുഴയും രണ്ടാം സ്ഥാനം സണ്ണി ഇലവുംകുന്നേല്‍ തോട്ടാപ്പുരയും കരസ്ഥമാക്കി.നീന്തല്‍ മത്സരത്തിന് വലിയ പൊതുജന പങ്കാളിത്തവും പ്രോത്സാഹനവും ലഭിച്ചു. കൈക്കരുത്തിന്റെ മത്സരമായ വെള്ളത്തില്‍ വടംവലിയില്‍ മുതിരപ്പുഴ ബോയ്സ് ഒന്നാം സമ്മാനവും എസ്എച്ച്ജി മാവിന്‍ ചുവട് രണ്ടാം സമ്മാനവും കരസ്ഥമാക്കി.മത്സരങ്ങള്‍ക്ക് ശേഷം നടന്ന സാംസ്‌ക്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം നോബിള്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
പി കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജോര്‍ജ്ജ് ജോസഫ്, ജോയല്‍ തോമസ്,പിഎസ് ശ്രീധരന്‍,കെ റ്റി സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ആഘോഷങ്ങളുടെ ഭാഗമായി നടന്ന വ്യത്യസ്തത നിറഞ്ഞ ജലമത്സരങ്ങള്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെ വിനോദ സഞ്ചാരത്തിനും മുതല്‍ക്കൂട്ടാകുമെന്നാണ് ഹൈഡല്‍ ടൂറിസം വകുപ്പിന്റെയും കള്‍ച്ചറല്‍ സെന്ററിന്റെയും പ്രതീക്ഷ .വരുംനാളുകളില്‍ ഹൈറേഞ്ചില്‍ ജലോത്സവങ്ങള്‍ നടത്താനുള്ള കൂടുതല്‍ സാധ്യതകളും തുറന്നാണ് ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണത്.