പത്തനംതിട്ട: കാരിക്കയം അയ്യപ്പാ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പരാതികള്‍ അടുത്ത കാലവര്‍ഷത്തിന് മുമ്പ് പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരുമായും അയ്യപ്പാ ഹൈഡ്രോ പവര്‍ ലിമിറ്റഡ് കമ്പനി പ്രതിനിധികളുമായും കളക്ടറേറ്റില്‍ ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ പരാതികള്‍ 2020 മേയ് മാസത്തിനകം പരിഹരിക്കുമെന്ന് അയ്യപ്പ ഹൈഡ്രോ പവര്‍ ലിമിറ്റഡ് കമ്പനി പ്രതിനിധികള്‍ ജില്ലാ കളക്ടറെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ധാരണയില്‍ എത്തിയതായും കളക്ടര്‍ പറഞ്ഞു.
അയ്യപ്പാ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് പ്രദേശങ്ങളായ ചിറ്റാര്‍, പെരുനാട് പഞ്ചായത്തുകളിലെ കക്കാട്ടാര്‍ ആറിന് സമീപം താമസിക്കുന്നവരാണു പരാതിക്കാര്‍.
ഇവരുടെ വസ്തുവില്‍ വെള്ളം കയറുന്നു, വീടുകള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നതിനാല്‍ സംരക്ഷണഭിത്തി കെട്ടണം, കിണറുകള്‍ മലിനമാകുന്നതിനാല്‍ കൂടുതല്‍ റിങ്ങുകള്‍ താഴ്ത്തണം,  സെപ്റ്റിക് ടാങ്കുകള്‍ നിറയുന്നതിനാല്‍ ഫൈബര്‍ സെപ്റ്റിക് ടാങ്ക് വേണം തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. വീടുകള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്ത കാലവര്‍ഷത്തിനു മുമ്പ് ഇവരുടെ ഭൂമിക്ക് സമീപം കമ്പനി സംരക്ഷണഭിത്തി നിര്‍മ്മിക്കും.
സെപ്റ്റിക് ടാങ്ക്, കിണറില്‍ റിങ്ങ് ഇറക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ വരുന്ന ഡിസംബര്‍ മാസത്തിനകം പൂര്‍ത്തിയാക്കി നല്‍കുമെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു. രണ്ടു പരാതികള്‍ തര്‍ക്കത്തെ തുടര്‍ന്ന് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കോടതിയുടെ തീരുമാനത്തിന് അനുസരിച്ച് തുടര്‍ നടപടികള്‍ എടുക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
കുടിവെള്ളം ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ള ചിറ്റാറിലെ 74 വയസുള്ള ലാലി തോമസിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കിണറും വാട്ടര്‍ ടാങ്കും മോട്ടോറും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നും കമ്പനി പ്രതിനിധികള്‍ കളക്ടര്‍ക്ക് ഉറപ്പുനല്‍കി.
ഓരോ പരാതികളും കളക്ടര്‍ വിശദമായി കേട്ടതിനു ശേഷമാണ് തീരുമാനമെടുത്തത്.  യോഗത്തില്‍ സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ പി.ടി എബ്രഹാം, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീന റാണി, അയ്യപ്പാ ഹൈഡ്രോ പവര്‍ ലിമിറ്റഡ് കമ്പനി പ്രതിനിധികള്‍, ചിറ്റാര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, റവന്യു ഉദ്യോഗസ്ഥര്‍, പരാതിക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.