പ്രവാസത്തിലൂടെ ലഭ്യമായിട്ടുള്ള അധിക ധനവിഭവങ്ങളും അവയുടെ ഫലപ്രദമായ വിന്യാസവും പ്രധാനമാണെങ്കിലും പ്രവാസികളുടെ അനുഭവപരിചയം, വൈദഗ്ധ്യം എന്നിവ സംസ്ഥാന വികസനത്തിന് ഏതുരീതിയില്‍ ഉപയോഗിക്കാം എന്നതിനും 12, 13 തിയതികളില്‍ ചേരുന്ന ലോക കേരളസഭ കൂടുതല്‍ പരിഗണന നല്‍കും. പ്രവാസികളില്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദേശ സര്‍വ്വകലാശാലകളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, വിദഗ്ധ ഡോക്ടര്‍മാര്‍, നേഴ്സിംഗ്, സാങ്കേതിക വിദഗ്ധര്‍, മാനേജ്മെന്റ് മേഖലയിലും കണ്‍സള്‍ട്ടന്‍സി മേഖലയിലും അടിസ്ഥാന സൗകര്യമേഖലയിലും നിര്‍മ്മാണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവര്‍ തുടങ്ങിയവരുടെ അറിവും അനുഭവപരിചയവും ഫലപ്രദമായി കേരളത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്നത് കൂടുതല്‍ പ്രായോഗിക തലത്തില്‍ ലോക കേരള സഭ ചര്‍ച്ചചെയ്യും.
ഐടി, ടൂറിസം മേഖലകളിലും ഇലക്ട്രോണിക്സ് തുടങ്ങിയ ആധുനിക വ്യവസായ മേഖലകളില്‍ അഞ്ച് വര്‍ഷം കൊണ്ട് പത്ത് ലക്ഷവും കൃഷി, കെട്ടിട നിര്‍മ്മാണം, വാണിജ്യം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലായി 10 ലക്ഷവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ആധുനിക തുറകളിലെ ജോലിക്ക് പത്ത് ലക്ഷം പേര്‍ക്ക് സ്‌കില്‍ ഡെവലപ്പ്മെന്റ് കരിയര്‍ഗൈഡന്‍സ് വഴി പരിശീലനം നല്‍കാനും പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഐടി പാര്‍ക്കുകളുടെ വികാസത്തിനും സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കി ആ രംഗത്ത് നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനും പരിപാടിയുണ്ട്. പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും കാര്‍ഷിക രംഗത്ത് മൂല്യവര്‍ദ്ധിത ഉത്പങ്ങള്‍ സൃഷ്ടിക്കാനും ഉള്ള പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യംവച്ചിട്ടുള്ളത്. ഇത്തരം പദ്ധതികളെക്കൂടി സഹായിക്കുന്ന രീതിയില്‍ പ്രവാസികള്‍ക്ക് ഏതൊക്കെ തരത്തില്‍ ഇടപെടാനാവും എന്നത് ലോക കേരള സഭയുടെ പരിഗണനയ്ക്ക് വിധേയമാകും.
വിവര സാങ്കേതികവിദ്യ, വൈജ്ഞാനിക സമ്പദ്വ്യവസ്ഥ എന്നീ മേഖലയില്‍ കേരളത്തില്‍ നിന്ന് നേട്ടങ്ങള്‍ കൈവരിച്ച പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തി ഹൈപവര്‍ ഐടി കമ്മറ്റിയും ഡിജിറ്റല്‍ അഡ്വസൈറി ബോര്‍ഡും രൂപീകരിച്ചതുപോലെ വിദേശ സര്‍വ്വകലാശാലകളിലും വൈജ്ഞാനിക മേഖലയിലും പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഗവേഷണ ബോധന സംവിധാനങ്ങള്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലും കോളേജുകളിലും കൂടി പ്രയോജനപ്പെടുത്തുവാന്‍ സംവിധാനങ്ങള്‍ ഉണ്ടാകണം. വിദേശത്ത് വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ കേരളത്തിലുള്ള വ്യവസായ വാണിജ്യ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനാകുന്ന സാഹചര്യവും ഉപയോഗപ്പെടുത്തണം.
പശ്ചാത്തല മേഖലയിലും അടിസ്ഥാന സൗകര്യവികസന മേഖലയിലും നടത്താന്‍ ഉദ്ദേശിക്കുന്ന വലിയ തോതിലുള്ള നിക്ഷേപങ്ങളില്‍ പ്രവാസികളുടെ നിക്ഷേപം അവര്‍ക്ക് മാന്യമായ ലാഭവിഹിതം ഉറപ്പാക്കിക്കൊണ്ട് ക്രൗഡ് ഫണ്ടിംഗ് മാതൃകയില്‍ സമാഹരിക്കുന്ന കാര്യം എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് ലോക കേരളസഭ കരട് രേഖ ചൂണ്ടിക്കാട്ടുന്നു.