കേരളത്തിന്റെ കലാരൂപങ്ങളെ ലോകം മുഴുവന്‍ വിളംബരം ചെയ്യിക്കാനും അതുവഴി കലാകാരന്മാരെ സഹായിക്കാനും കേരളത്തിന്റെ തനത് വാദ്യകലാരൂപങ്ങള്‍ക്ക് വിദേശ വേദികളില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും പ്രവാസി സമൂഹങ്ങളുടെ സഹായം എങ്ങനെ ഉറപ്പാക്കാനാകുമെന്നത് ലോക കേരള സഭയുടെ പരിഗണന വിഷയങ്ങളിലൊന്നാണ് . വിവിധ വിദേശ വിഭാഗങ്ങള്‍ക്കിടയില്‍ നാടിനെ കുറിച്ചും അതിന്റെ കലാസാംസ്‌കാരിക വൈശിഷ്ട്യത്തെക്കുറിച്ചും അറിവ് പകരുവാന്‍ ഇതിലൂടെ കഴിയും. കൂടാതെ സാംസ്‌കാരിക വിനിമയ പരിപാടികളില്‍ ഉള്‍പ്പെടുത്തുവാനും സ്പോണ്‍സര്‍ഷിപ്പിലൂടെയും, ക്രൗഡ് ഫണ്ടിങ്ങിലൂടെയും ഇവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ശ്രമിക്കാവുന്ന കാര്യവും ചര്‍ച്ച ചെയ്യും..
കേരളത്തെക്കുറിച്ചുള്ള വിവരങ്ങളും ഭാഷയും സംസ്‌ക്കാരവും വേഷവും ഭക്ഷണക്രമവും കലാപാരമ്പര്യവും കേരളീയ ചികിത്സാരീതികളും  കരകൗശലവസ്തുക്കളും  വാസ്തുവിദ്യയുമെല്ലാം ലോകമെമ്പാടുമെത്തിക്കുന്ന കണ്ണികളായി മാറുവാന്‍ പ്രവാസികള്‍ക്കു കഴിയുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായ വ്യക്തികളെയും, മലയാളി സംഘടനകളെയും അംഗീകരിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും  ഇതിനായി വിശദമായ കര്‍മ്മപദ്ധതികള്‍ സംസ്‌ക്കാരിക, വിനോദസഞ്ചാര, നോര്‍ക്ക വകുപ്പുകള്‍ക്ക് സംയുക്തമായി ആവിഷ്‌കരിക്കാനാവുമെന്നും 12, 13 തിയതികളില്‍ നിയമസഭാ മന്ദിരത്തില്‍ ചേരുന്ന ലോക കേരള സഭയുടെ കരട് രേഖ വ്യക്തമാക്കുന്നു