കൊല്ലം: പ്രവാസ ജീവിതത്തിന്റെ 17 വര്‍ഷങ്ങള്‍ പിന്നിട്ടാണ് വെളിയം സ്വദേശിയായ വിനോദ്കുമാര്‍ തിരികെ നാട്ടിലെത്തിയത്. അധ്വാനിക്കാന്‍ തയ്യാറുള്ള മനസുമായി സ്വയംതൊഴില്‍ സാധ്യത തേടിയ ഈ പ്രവാസിക്ക് മുന്നില്‍ സഹായത്തിന്റെ വഴി തുറന്ന് കൊടുത്തത് ക്ഷീരവികസന വകുപ്പ്. 10 പശുക്കളുമായി പുതിയൊരു ജീവിതത്തിന് തുടക്കമിടാന്‍ വിനോദിനെ പ്രേരിപ്പിച്ചത് ഈ പിന്തുണയാണ്.

വിവിധ ഇനങ്ങളിലുള്ള 65 പശുക്കളാണ്  ഇപ്പോഴുള്ളത്. ക്ഷീരവകുപ്പില്‍ നിന്ന് ലഭിച്ച മൂന്നര ലക്ഷം രൂപക്ക് 10 പശുക്കളുമായി തുടങ്ങിയ ഫാം ആദായകരമായതാണ് വിപുലീകരണത്തിന് ആത്മവിശ്വാസം പകര്‍ന്നതെന്ന് വിനോദ്കുമാര്‍ പറയുന്നു. ക്ഷീര വകുപ്പില്‍ നിന്ന് ലഭിക്കുന്ന സബ്സിഡികള്‍, ബോണസ്, മൃഗസംരക്ഷണ വകുപ്പിലെ  ഡോക്ടര്‍മാരുടെ സേവനം  എന്നിങ്ങനെ സര്‍ക്കാരിന്റെ കൈത്താങ്ങോടെയാണ് ഈ കര്‍ഷകന്‍ മുന്നോട്ട് നീങ്ങുന്നത്.

പ്രതിദിനം 400 ലിറ്റര്‍ പാല്‍ ഉദ്പാദനമുണ്ട്. നേരിട്ടെത്തുന്നവര്‍ക്കും സൊസൈറ്റികള്‍ മുഖേനയുമാണ് വില്‍പന. മത്സ്യകൃഷിയുടെ സാധ്യതകളാണ് പിന്നീട് പരീക്ഷിച്ചത്. ആദ്യം ചെറിയൊരു കുളം കുത്തി മീന്‍വിത്തിട്ടു. ഫിഷറീസ് വകുപ്പ് സഹായം നല്‍കിയപ്പോള്‍ കൃഷി വിപുലീകരിച്ചു. രണ്ടാമതൊരു കുളവും കൂടി കുഴിച്ചു.

ചാലു കീറി കനാല്‍ വഴികളൊരുക്കി. കുളം നിറയെ പെരുകിയ മീനുകളെ കനാലിലേക്ക് മാറ്റി വലുപ്പം പരമാവധി എത്തുമ്പോള്‍ വില്‍പ്പന. ഒരു വര്‍ഷം നാലു ടണ്‍ വരെ വില്‍ക്കാനാകുന്നത് കൃഷി  വിജയത്തിന്  സാക്ഷ്യം. പ്രാദേശിക വില്‍പനയ്ക്ക് പുറമേ ഹോട്ടലുകള്‍ക്കും മീന്‍ നല്‍കുന്നു. ആറ്റുവാള, നട്ടര്‍, സിലോപ്പി, കട്ട്‌ല തുടങ്ങിയ ഇനങ്ങളാണ് ഇവിടെയുള്ളത്.

മരച്ചീനി പടര്‍പ്പിനുള്ളില്‍ പാഷന്‍ഫ്രൂട്ട് വരെ വിളയിച്ച് സമ്മിശ്രകൃഷിയുടെ പുത്തന്‍ വിജയമാതൃകയാണ് തീര്‍ത്തിട്ടുള്ളത്. നാല് ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ റബ്ബര്‍ മുതല്‍ തീറ്റപുല്‍ വരെയുണ്ട്. വാഴ, ചീര, വഴുതന, പടവലം തുടങ്ങി മാംഗോസ്റ്റീന്‍ സമൃദ്ധിവരെ നീളുന്നു വൈവിദ്ധ്യം.

ഏതെങ്കിലും ഒരു കൃഷിയില്‍ ലക്ഷ്യമിട്ട തോതില്‍ ആദായം കിട്ടിയില്ലെങ്കില്‍ മറ്റൊന്നില്‍ അതു കണ്ടെത്താമെന്നതാണ് സമ്മിശ്രകൃഷിയുടെ നേട്ടമെന്ന് ഈ കര്‍ഷകന്‍ തിരിച്ചറിയുന്നു. ആടും കോഴിയും താറാവുമെല്ലാം ഫാമിന്റെ ഭാഗമായതിന് കാരണവും ഇതു തന്നെയാണ്. കനാലിലെ വെള്ളവും പശുഫാമിലെ വളവും തീറ്റപ്പുല്‍ കൃഷിയും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

സൗദിഅറേബ്യയിലെ   ഹൈ എക്യുപ്‌മെന്റ്‌സ് ഓപ്പറേറ്ററായിരുന്ന ഈ മനുഷ്യന്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ കൃഷിയിടത്തില്‍ നിന്ന് കൊയ്‌തെടുത്തത് നേട്ടങ്ങള്‍ മാത്രം. ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്തും മായം ചേര്‍ക്കാത്ത മത്സ്യവും പാലും വിറ്റും ജീവിതവിജയം കണ്ടെത്താമെന്നും തെളിയിച്ചു. കൃഷിയുടെ നന്മ വഴികളിലേക്ക് കൂടുതല്‍ പേരെ കൂട്ടിക്കൊണ്ട് പോകുകയാണ് ഇനി ലക്ഷ്യം. ഇതിനായി ഫാം ടൂറിസം സാധ്യതകളിലേക്കാകും ഇനിയുള്ള യാത്ര. ഫാമിന് സമ്മര്‍ലാന്‍ഡ് എന്ന് പേരിട്ടതിന്റെ ലക്ഷ്യവും മറ്റൊന്നല്ല എന്ന് വിനോദ്കുമാര്‍ സാക്ഷ്യം.