ഇടുക്കി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ ഒ.പി സാജുവിനെ മാതൃവിദ്യാലയമായ രാജാക്കാട് എന്‍.ആര്‍.സിറ്റി എസ്എന്‍വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനുസ്മരിച്ചു. ജൂണ്‍ 28ന് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിലാണ് സാജു കൊല്ലപ്പെട്ടത്. എന്‍.ആര്‍ സിറ്റി എസ്എന്‍വി സ്‌കൂളില്‍ 1989-90 ബാച്ചിലാണ് സാജു പഠനം പൂര്‍ത്തിയാക്കിയത്.
അനുസ്മരണ ചടങ്ങില്‍ സാജുവിന്റെ കുടുംബം സ്‌കൂളിലെ കായിക വിദ്യാര്‍ത്ഥികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സാജു സംസ്ഥാന മീറ്റില്‍ ഗോള്‍ഡ് മെഡലും നാഷണല്‍ മീറ്റ് ജേതാവുമായിരുന്നു. അന്നത്തെ കായികാധ്യാപകരായ വിജയന്‍മാഷും ലീലടീച്ചറുമായിരുന്നു സാജുവിന്റെ പരിശീലകര്‍.
സ്പോര്‍ട്സ് ക്വാട്ടയിലാണ് സാജു സിആര്‍പിഎഫില്‍ പ്രവേശനം നേടിയത്. രാജക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം.എസ് സതി അനുസ്മരണ പ്രഭാഷണം നടത്തി. സിആര്‍പിഎഫ് അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ യൂസഫ്, സിആര്‍പിഎഫ് മദ്രാസ് റെജിമെന്റ് ഓഫീസര്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂളിന് സാജുവിന്റെ അനുസ്മരണ ഫോട്ടോ സമര്‍പ്പിച്ചു. സാജുവിന്റെ കുടുംബത്തിന് സ്‌കൂള്‍ മാനേജ്മെന്റ് മൊമന്റോ നല്‍കി ആദരിച്ചു.
രാജാക്കാട് മുക്കുടി ഒറോലിക്കല്‍ പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകനാണ് സാജു. ഇരട്ടയാര്‍ സ്വദേശി സുജയാണ് ഭാര്യ. ചങ്ങനാശേരി എന്‍. എസ്. എസ് കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി അജയ് സാജുവും വെള്ളയാംകുടി സെന്റ് ജോര്‍ജ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആര്യനന്ദയുമാണ് മക്കള്‍. രാജക്കാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എംബി ശ്രീകുമാര്‍ അനുസ്മരണ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ രാധാകൃഷ്ണന്‍ തമ്പി, എക്സ് സര്‍വീസ് ലീഗ് പ്രതിനിധി ക്യാപ്റ്റന്‍ സുരേഷ് കുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങളായ ബിജി സന്തോഷ്, രാധാമണി പുഷ്പജന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റെജി ഒ.എസ്, പിടിഎ പ്രസിഡന്റ് ഷാജി സി.ആര്‍, സാജുവിന്റെ സഹപാഠികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംസാരിച്ചു.