ഇടുക്കി: പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും കൈകോര്‍ത്തു നടപ്പാക്കുന്ന പാഠം ഒന്ന് ഏല്ലാവരും പാടത്തേയ്ക്ക് ‘ പരിപാടിക്ക് മുന്നോടിയായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ഷിക പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. നെല്ലിന്റെ ജന്മദിനമായി കണക്കാക്കുന്ന കന്നിമാസത്തിലെ മകം നക്ഷത്രനാള്‍ വരുന്ന സെപ്തംബര്‍ 26നാണ് പാഠം ഒന്ന് ഏല്ലാവരും പാടത്തേക്ക് എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭയിലെയും സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘിപ്പിച്ചത്. ഇരു വിഭാഗങ്ങളില്‍ നിന്നും രണ്ടുപേരടങ്ങുന്ന ഓരോ ടീമു വീതമാണ് പഞ്ചായത്തുക്കളെ പ്രതിനിധീകരിച്ചെത്തിയത്. കട്ടപ്പന നഗരസഭ ഹാളില്‍ നടന്ന മത്സരം കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയാറക്ടര്‍ സുസന്‍ ബഞ്ചമിന്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷിക്ക് ഊന്നല്‍ നല്കിയുള്ള ക്വിസ് മത്സരത്തില്‍ കാര്‍ഷിക രംഗത്തെ പ്രശസ്ത വ്യക്തികള്‍, സ്ഥലങ്ങള്‍, വിശേഷണങ്ങള്‍, വിളകള്‍ തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉള്‍പ്പെട്ടിരുന്നു. 10 റൗണ്ടുകളിലായി നടത്തിയ മത്സരത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എസ്.എം.എച്ച്.എസ് മേരികുളവും ഹയര്‍ സെക്കണ്ടറി തലത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളും വിജയികളായി.
കാര്‍ഷിക പ്രശ്‌നോത്തരിയുടെ ജില്ലാതല മത്സരം തൊടുപുഴ ജില്ലാ കൃഷി ഓഫീസിലെ താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. സംസ്ഥാന തല മത്സരം ഇരുപതാം തീയതി തൃശൂരില്‍ നടക്കും. കട്ടപ്പനയില്‍ നടന്ന മത്സരം ഉപ്പുതറ കൃഷി ഓഫീസര്‍ കെ.കെ.ബിനുമോന്‍, കാഞ്ചിയാര്‍ കൃഷി ഓഫീസര്‍ റ്റിന്റുമോള്‍ ജോസഫ് എന്നിവര്‍ നയിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാരായ എ. അനീഷ്, , മനോജ് അഗസ്റ്റിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കട്ടപ്പന എ ഡി എ ഓഫീസ് പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലും കാര്‍ഷിക ക്ലബ്ബുകള്‍ രൂപികരിച്ചു കൊണ്ട് നെല്‍കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ 26 ന് ആരംഭിക്കുമെന്ന് കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സൂസന്‍ ബഞ്ചമിന്‍ പറഞ്ഞു.