പത്തനംതിട്ട: പുല്ലാട്-മല്ലപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ അഡ്വ.മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. റോഡിന്റെ നിലവിലുള്ള അവസ്ഥയുടെ ഗൗരവം ജില്ലാ കളക്ടര്‍ പി.ബി നൂഹ് യോഗത്തില്‍ വിവരിച്ചു.
ഈ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട നിര്‍മാണം ദേശീയപാത അതോറിറ്റിക്ക് കൈമാറിയതിനാല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. എങ്കിലും ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന ഒരാഴ്ചയ്ക്കകം റോഡിലെ കുഴികള്‍ അടയ്ക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു.
മാത്യു ടി തോമസ് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ലാ കളക്ടര്‍ കളക്ടറേറ്റില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
ദേശീയപാത അതോറിട്ടിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുമ്പ്, റോഡിന്റെ വശങ്ങളിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കണം.
ഒരു മാസത്തിനുള്ളില്‍ ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുവാന്‍ തീരുമാനമായി. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞതാണ്. ടെന്‍ഡറില്‍ കോണ്‍ട്രാക്ടര്‍ക്ക് രണ്ടുമാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജല അതോറിറ്റിയുടെ ജോലികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കുവാനാണ് എംഎല്‍എയും ജില്ലാ കളക്ടറും നിര്‍ദേശിച്ചിരിക്കുന്നത്.
റോഡ് സൈഡിലെ പൈപ്പ് മാറ്റി കുഴി മൂടുന്ന ജോലികളാണു പൂര്‍ത്തീകരിക്കാനുള്ളത്. നിലവില്‍ പൈപ്പിട്ടു കഴിഞ്ഞു. ഒരു മാസത്തെ കാലയളവ് പരിഗണിച്ച് ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണു കുഴികള്‍ അടയ്ക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചത്. കൂടുതല്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുവാന്‍ പോലീസിനും കളക്ടര്‍ നിര്‍ദേശം നല്‍കി.
പുല്ലാട്-മല്ലപ്പള്ളി റോഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ വിലയിരുത്തും. ഇതിന്റെ ഭാഗമായി ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം, ജല അതോറിറ്റി എന്നിവയുടെ യോഗം ഈ മാസം 23 ന് സബ് കളക്ടറുടെ ചേംബറില്‍ ചേരും.
ജല അതോറിറ്റിയുടെ ജോലികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അതേആഴ്ചയില്‍ തന്നെ ദേശീയ പാത അതോറിറ്റിയുടെ ജോലികള്‍ ആരംഭിക്കും. ജല അതോറിട്ടി നിലവില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന്(19) തുടങ്ങും. ദേശീയ പാത അതോറിട്ടിയുടെ ടെന്‍ഡര്‍ നടപടികള്‍ ഒരാഴ്ചയ്ക്കകം ആരംഭിക്കും.
മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ്, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ജല അതോറിട്ടി ബോര്‍ഡ് അംഗം അലക്സ് കണ്ണമല, തിരുവല്ല ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബി.അനില്‍കുമാര്‍, ദേശീയപാത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി.ജോണ്‍ കെന്നത്ത്, ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍.ശ്രീകുമാര്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.എല്‍ സജി, കീഴ്വായ്പൂര് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബി.എസ്.ആദര്‍ശ്, തുടങ്ങിയവര്‍ പങ്കെടുത്തു.