മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്രയം വേഗം ഒ.പി. തുടങ്ങാന്‍ നിര്‍ദേശം

തിരുവനന്തപുരം: കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 95 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഈ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് 2018 നവംബര്‍ മാസം മുഖ്യമന്ത്രി നടത്തി. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍ച്ചില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകോപനം നടത്തുവാനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ മന്ത്രിയുടെ ചേംബറില്‍ വച്ച് ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

മെഡിക്കല്‍ കോളേജിന്റെ സേവനങ്ങള്‍ എത്രയും വേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആദ്യം ഒ.പി.യും തുടര്‍ന്ന് ഐ.പി. സംവിധാനവുമാണ് സജ്ജമാക്കുന്നത്. ഇതോടൊപ്പം അത്യാവശ്യ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങളുമൊരുക്കും. കാസര്‍കോട്ടെ ജനങ്ങള്‍ ഇപ്പോള്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കായി കര്‍ണാടകത്തേയും മറ്റ് സ്വകാര്യ ആശുപത്രികളേയുമാണ് ആശ്രയിക്കുന്നത്. അതിനാല്‍ സ്‌പെഷ്യാലിറ്റി ഒ.പി. തുടങ്ങുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അതിനാവശ്യമായ വിദഗ്ധ ഡോക്ടര്‍മാരടക്കമുള്ളവരെ നിയമിക്കേണ്ടതുണ്ട്. മറ്റാശുപത്രികളില്‍ നിന്നും ഡോക്ടര്‍മാരെ പുനര്‍ വിന്യാസിക്കുകയും പുതിയ നിയമനത്തിന് ധനവകുപ്പിന്റെ അനുമതിയ്ക്കായും ശ്രമിക്കും.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എം.കെ. അജയകുമാര്‍, കാസര്‍കോഡ് ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, കാസര്‍കോഡ് പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, എന്‍.എച്ച്.എം. ചീഫ് എഞ്ചിനീയര്‍ അനില സി.ജെ., വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് റാഫി, ടെക്‌നിക്കല്‍ കമ്മിറ്റി മെമ്പര്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി ചീഫ് ഇലട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍, കിറ്റ്‌കോ പ്രതിനിധികള്‍, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.