കൊല്ലം: പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തും വാണിജ്യ-ആരോഗ്യ സാധ്യതകള്‍ പരിഗണിച്ചും മുള സംരക്ഷണം ഉറപ്പാക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. വേണാട് ജൈവകര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മുളദിനാചരണം എസ് വി ടോക്കീസ് ജംക്ഷന്‍ സി എസ് എന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനം വകുപ്പ് പമ്പാനദീതീരത്ത് 25,000 മുളന്തൈകള്‍ നട്ടു കഴിഞ്ഞു. ഇവയുടെ പരിപാലനത്തിനായി തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി പ്രത്യേക സേനയും രൂപീകരിച്ചു. നദീ-മലഞ്ചരിവ് മേഖലകളുടെ സംരക്ഷണത്തിനായി ഇവിടങ്ങളിലും തൈകള്‍ നടുകയാണ്. മണ്ണൊലിപ്പ് തടയുന്നതിനും ജലസംരക്ഷണത്തിനും സഹായകമായ മുളയുടെ വ്യാപനം ഉറപ്പാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മേയര്‍ വി രാജേന്ദ്രബാബു മുഖ്യപ്രഭാഷണവും വൃക്ഷതൈ വിതരണവും നിര്‍വഹിച്ചു. ചേരിയില്‍ സുകുമാരന്‍ നായര്‍ അധ്യക്ഷനായി. വടക്കേവിള ശശി, ഡോ സി പി രാധാകൃഷ്ണന്‍, ടി എം എസ് മണി, ഉണ്ണികൃഷ്ണന്‍ ഉളിയക്കോവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.