വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ‘സമ്പുഷ്ട കേരളം’ പദ്ധതിയുടെ ഭാഗമായി അംഗൺവാടി കുട്ടികൾക്ക് കാച്ചിയ പാൽ നൽകുന്ന പദ്ധതിക്ക് സുൽത്താൻ ബത്തേരി നഗരസഭയിലെ കട്ടയാട് അംഗൺവാടിയിൽ തുടക്കമായി. മിൽമയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നഗരസഭ ആരംഭിക്കുന്നത്. വിറ്റാമിൻ എ, ബി ചേർന്നതും 140 ഡിഗ്രി സെൽഷ്യസിൽ പാകം ചെയ്തതും മൂന്ന് മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുന്നതുമായ പാലാണ് കുട്ടികൾക്ക് നൽകുക. പാൽ ഏലം, വാനില, സ്‌ട്രോബറി എന്നീ വ്യത്യസ്ഥ രുചികളിലുമുണ്ട്.
ആഴ്ചയിൽ മൂന്നു ദിവസം വൈകുന്നേരങ്ങളിൽ മുഴുവൻ കുട്ടികൾക്കും 180 മില്ലി പാൽ വീതമാണ് നൽകുക.
സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.എൽ സാബു പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്‌സൺ പി.കെ സുമതി അധ്യക്ഷത വഹിച്ചു. കൗൺസിലർ വി.കെ ബാബു, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്മിത തോമസ്, ബാബു കട്ടയാട്, പ്രജിത രവി, സവിത ഗംഗാധരൻ, ബിൻസി സ്‌ക്കറിയ തുടങ്ങിയവർ സംസാരിച്ചു.