പ്രളയ ദുരന്തം വിലയിരുത്താൻ വയനാട്ടിലെത്തിയ കേന്ദ്രസംഘം നാശനഷ്ടങ്ങൾ നേരിട്ട വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് സന്ദർശനം നടത്തിയത്. അഗ്രികൾച്ചർ മന്ത്രാലയം ഡയറക്ടർ ഡോ.കെ മനോഹരൻ, ധനകാര്യ മന്ത്രാലയം ഡയറക്ടർ എസ്.സി മീണ, ഊർജ്ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ഒ.പി സമുൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സെപ്തംബർ 18 രാവിലെ കളക്ട്രേറ്റിൽ എത്തിയ സംഘം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. ജില്ലാ കളക്ടർ എ.ആർ.അജയകുമാർ പ്രളയക്കെടുതി സംബന്ധിച്ച പൊതുവിവരങ്ങൾ സംഘത്തെ ധരിപ്പിച്ചു. ജില്ലയിലെ 49 വില്ലേജുകളെയും പ്രളയം ബാധിച്ചതായി അദ്ദേഹം അറിയിച്ചു. ജില്ലയിൽ ആകെ 19 പേർ മരിച്ചതായും 10077 കുടുംബങ്ങളിൽ നിന്നായി 38779 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചതായും വ്യക്തമാക്കി. സാധാരണ തോതിലും ഇരട്ടിയിലേറെ മഴയാണ് ഇത്തവണ ജില്ലയിൽ ലഭിച്ചതെന്നും ഇതുമൂലം പുത്തുമല, വെള്ളരിമല, മംഗലശേരി, പെരിഞ്ചേരിമല, നരിക്കുനി, മാണിച്ചുവട്, മുട്ടിൽമല, പച്ചക്കാട്, മക്കിയാട്, ചാലിൽ മീൻമുട്ടി, കുറുമ്പാലക്കോട്ട, കുറിച്യാർമല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മണ്ണിടിച്ചിലുണ്ടായതായും ജില്ലാ കളക്ടർ അറിയിച്ചു. 472 വീടുകൾ പൂർണ്ണമായും 7230 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
തുടർന്ന് കേന്ദ്രസംഘം ആദ്യമെത്തിയത് പുത്തുമലയിലായിരുന്നു. ജില്ലാകളക്ടറും സബ്കളക്ടർ എൻ.എസ്.കെ ഉമേഷും പ്രദേശം നേരിട്ട ദുരന്തത്തിന്റെ തീവ്രതയും രക്ഷാപ്രവർത്തനങ്ങളും സംഘാംഗങ്ങൾക്ക് മുമ്പാകെ വിശദീകരിച്ചു. ഉരുൾപ്പൊട്ടലിൽ തകർന്നുപോയ വീടുകളുടെയും കെട്ടിടങ്ങളുടെയും സ്ഥാനങ്ങളും നിലവിലെ അവസ്ഥയും ധരിപ്പിച്ചു. ദുർഘടമായ പാതകളിലൂടെ ദുരന്തത്തിന്റെ ഉൽഭവ കേന്ദ്രമായ പച്ചക്കാട് വരെ നടന്ന് കണ്ട സംഘാംഗങ്ങൾ പ്രദേശത്തിന്റെ ദുരന്ത സാധ്യതകളും മറ്റും ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ചറിഞ്ഞു. തുടർന്ന് ചുരൽമല, അട്ടമല, മുണ്ടക്കൈ, കുറിച്ച്യാർമല, ബോയ്സ് ടൗൺ എന്നിവടങ്ങളിലും സന്ദർശനം നടത്തി. കെ.എസ്.ഡി.എം.എ ഹസാർഡ് അനലിസ്റ്റ് ഡോ. ശ്രീജ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു. ദാസ്, ഡി.എഫ്.ഒ പി. രഞ്ജിത്ത്കുമാർ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ യൂസഫ്, തഹസിൽദാർ ടി.പി അബ്ദുൾ ഹാരിസ്, ലൈഫ്മിഷൻ കോർഡിനേറ്റർ സിബി വർഗീസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.