കൊച്ചി: ഗ്രാമവിശുദ്ധി നിലനിർത്തി തീർത്ഥാടനങ്ങൾക്ക് മാതൃകയായി തിരുവൈരാണിക്കുളം തീർത്ഥാടനം. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിലേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും ക്ഷേത്രപരിസരവും നാട്ടുവഴികളും മാലിന്യമുക്തം. ജില്ലാ ഭരണകൂടവും ഗ്രാമപഞ്ചായത്തും ക്ഷേത്രഭരണസമിതിയും കൈകോർത്തതിന്റെ ഫലം.
തീർത്ഥാടനവേളയിലും അതിനു ശേഷവും ഗ്രാമം മാലിന്യത്താൽ ബുദ്ധിമുട്ടുന്ന മുൻ അനുഭവമാണ് ഹരിത നടപടിക്രമം പരീക്ഷിക്കാൻ ജില്ലാ ഭരണകൂടത്തേയും ക്ഷേത്രഭരണസമിതിയെയും പ്രേരിപ്പിച്ചത്. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള മുൻകയ്യെടുത്ത് വിളിച്ചു ചേർത്ത യോഗം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ തുടർനടപടികളും കൈക്കൊണ്ടു. തീർത്ഥാടനത്തിന് ഹരിതനടപടിക്രമം ബാധകമാക്കി ജില്ലാ കളക്ടറുടെ ഉത്തരവുമിറങ്ങി.
പ്ലാസ്റ്റിക്ക്, വലിച്ചെറിയാവുന്ന പാത്രങ്ങൾ, ഗ്ലാസ് തുടങ്ങിയവയെല്ലാം നിരോധിച്ചു കൊണ്ടുള്ളതായിരുന്നു കളക്ടറുടെ ഉത്തരവ്. ഒപ്പം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സന്നദ്ധസംഘങ്ങളെയും ശുചിത്വമിഷൻ രംഗത്തിറക്കി. പാലിശ്ശേരി എസ്.സി.എം.എസ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് ഹരിത നടപടിക്രമം നടപ്പാക്കാൻ തിരുവൈരാണിക്കുളത്ത് ക്യാമ്പ് ചെയ്തത്. ക്ഷേത്രകവാടത്തിൽ ഗ്രീൻപ്രോട്ടോകോളിനായി പ്രത്യേകസെൽ തന്നെ ശുചിത്വമിഷൻ തുറന്നു.
തിരുവനന്തപുരം ടെക്നോപാർക്കിലെ മാതൃകയിൽ മാലിന്യങ്ങൾ വേർതിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ശാസ്ത്രീയ സംവിധാനം ഒരുക്കുന്നതിനും ക്ഷേത്ര ഭരണസമിതി തയാറായി. ടെക്നിക്കൽ കൺസൾട്ടന്റ് ജോസ് ജോസഫ് മൂഞ്ഞേലി ഇതിന് മേൽനോട്ടം വഹിച്ചു. പ്ലാസ്റ്റിക്, കുപ്പി, പേപ്പർ, തുണികൾ, ചെരിപ്പുകൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് സൂക്ഷിച്ച് സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കുന്നതിനുള്ള കേന്ദ്രം ക്ഷേത്രപരിസരത്തു തന്നെ സജ്ജമാക്കി. അജൈവ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്നതിന് പഞ്ചായത്തിന്റെ സഹായവും ലഭിച്ചു.
സെപ്റ്റേജ് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള വിപുലമായ സംവിധാനം നേരത്തെ തന്നെ ക്ഷേത്രത്തിന് സമീപം സജ്ജമാക്കിയിരുന്നു. മലിനജലം സംസ്‌കരിച്ച് പുനരുപയോഗിക്കുന്നതിനുള്ള പ്ലാന്റാണ് അടുത്ത ലക്ഷ്യം. വരുംവർഷത്തെ തീർത്ഥാടനകാലത്തിന് മുമ്പു തന്നെ ഈ പ്ലാന്റ് പ്രവർത്തനസജ്ജമാകും. ഹരിത നടപടിക്രമം പ്രാവർത്തികമായതോടെ ക്ഷേത്രത്തിലും പരിസരത്തും പ്ലാസ്റ്റിക്കോ മറ്റു ചപ്പുചവറുകളോ ഈ വർഷം തീരെയില്ല. ബസുകൾ നിർത്തുന്നയിടം മുതൽ താൽക്കാലിക വ്യാപാരകേന്ദ്രങ്ങളും ഭക്ഷണശാലകളും വരെ തികഞ്ഞ ശുചിത്വം പുലർത്തുന്നു. മാലിന്യങ്ങൾ പെറുക്കി ചാക്കുകളിലാക്കി നീക്കുന്നതിനും ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്നതിനും ഹരിതകേരള സന്ദേശം മുദ്രണം ചെയ്ത പച്ചക്കോട്ടണിഞ്ഞ് വിദ്യാർത്ഥി വോളന്റിയർമാർ ഓരോ മുക്കിലും മൂലയിലുമുണ്ട്.
ഹരിത നടപടിക്രമം പാലിക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും സന്നദ്ധപ്രവർത്തകരെ അഭിനന്ദിക്കുന്നതിനുമായി ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള തിരുവൈരാണിക്കുളത്തെത്തിയിരുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം ഹരിത ജീവിതരീതിയെ കുറിച്ചുള്ള സന്ദേശം കൂടിയാണ് തിരുവൈരാണിക്കുളം നൽകുന്നതെന്ന് കളക്ടർ പറഞ്ഞു. ദേവീദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർ ഈ സന്ദേശമുൾക്കൊണ്ടാൽ സമൂഹത്തിൽ വലിയൊരു മാറ്റത്തിനാണ് അത് നാന്ദി കുറിക്കുക. മറ്റ് തീർത്ഥാടന, ഉത്സവകേന്ദ്രങ്ങളിലും ഹരിത നടപടിക്രമം നടപ്പാക്കാൻ ജില്ലാ ഭരണകൂടം മുൻകയ്യെടുക്കുമെന്ന് കളക്ടർ പറഞ്ഞു.
ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ സിജു തോമസ്, ഹരിതകേരളം ജില്ലാ മിഷൻ കോ ഓഡിനേറ്റർ സുജിത് കരുൺ, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി പി.ജി. സുധാകരൻ, എസ്.സി.എം.എസ് ഡയറക്ടർ പ്രൊഫ. പ്രമോദ് പി. തേവന്നൂർ, പ്രിൻസിപ്പൽ ഡോ. സി.ജെ. പ്രവീൺലാൽ തുടങ്ങിയവരും ജില്ലാ കളക്ടർക്കൊപ്പമുണ്ടായിരുന്നു.