ഇടുക്കി: ജില്ലയിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കര്‍മോത്സവ് രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമായി. നവംബര്‍ 15നകം  പരിഹാരം കാണാതെ കിടക്കുന്ന ഫയലുകള്‍ പൂര്‍ത്തിയാക്കാനാണ് രണ്ടാംഘട്ട പദ്ധതിയിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

ജൂലൈയില്‍ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍മോത്സവ് ജില്ലയില്‍ വന്‍വിജയമായിരുന്നു. 40 ദിവസത്തിനുള്ളില്‍ 20300 ഫയലുകളാണ് ജില്ലയില്‍ പൂര്‍ത്തിയാക്കിയത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും തഹസീല്‍ദാര്‍മാരോടും കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു. കളക്ട്രേറ്റിലും അതോടൊപ്പം താലൂക്കുകള്‍, വില്ലേജുകള്‍ തുടങ്ങിയവയിലും നോഡല്‍ ഓഫീസുമാരെ നിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഓഫീസുകള്‍ക്കും അതുപോലെ ജീവനക്കാര്‍ക്കും മന്ത്രിയുടെ സാന്നിധ്യത്തില്‍ പുരസ്‌കാരം നല്കും. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആന്റണി സ്‌കറിയ, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്,  ഡെപ്യൂട്ടി കളക്ടര്‍മാരായ സാബു കെ.ഐസക്,  ഹരികുമാര്‍, ജില്ലയിലെ തഹസീല്‍ദാര്‍മാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.