ക്ഷയരോഗത്തിൽ നിന്നും ചികിത്സയിലൂടെ വിമുക്തരായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ജനകീയ പങ്കാളിത്തത്തോടെ ക്ഷയരോഗത്തെ സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യുവാൻ ഉദ്ദേശിച്ച്‌ നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായാണ്‌ കൂട്ടായ്മ സംഘടിപ്പിച്ച്ത്‌. ആദ്യമായാണ്‌ ക്ഷയരോഗവിമുക്തരുടെ ഒരു കൂട്ടായ്മ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്നത്‌.

പരിപാടിയുടെ ഉദ്ഘാടനം ജില്ല മെഡിക്കൽ ഓഫീസർ ഡോ എൻ കെ കുട്ടപ്പൻ നിർവഹിച്ചു. സ്റ്റേറ്റ്‌ ടി ബി ഓഫീസർ ഡോ എം സുനിൽ കുമാർ അധ്യക്ഷനായിരുന്നു.

കേരളം ക്ഷയരോഗത്തെ ഫലപ്രദമായി നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്‌. ഓരോ വർഷവും ക്ഷയരോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നുണ്ട്‌. രോഗികൾക്കാവശ്യമായ ചികിത്സ ഉറപ്പുവരുത്തുവാനും സാധിക്കുന്നുണ്ട്‌. രോഗികൾക്ക്‌ സമൂഹത്തിന്റെ എല്ലാവിധത്തിലുള്ള പിന്തുണയും സഹായവും ആവശ്യമാണെന്നതിനാൽ അതിനുതകുന്ന വിധത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമം ശക്തമായി നടപ്പിലാക്കേണ്ടതുണ്ട്‌.

രോഗവിമുക്തരായവരെ കൂടി ഉൾപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ ക്ഷയരോഗത്തെ കുറിച്ചുള്ള ഉത്കണ്ഠകളും ഭീതിയും അകറ്റുകയും രോഗികൾക്ക്‌ കൃത്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമം സൃഷ്ടിച്ചെടുക്കുകയുമാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിലൂടെ ക്ഷയരോഗവിമുക്തമായ കേരളമെന്ന ലക്ഷ്യത്തിലേക്ക്‌ വേഗത്തിൽ എത്തിച്ചേരാനുള്ള്‌ ശ്രമമാണ്‌ നടക്കുന്നത്‌. ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ മാത്രമേ ഇത്‌ സാധ്യമാകുകയുള്ളൂവെന്ന്‌ വിഷയം അവതരിപ്പിച്ചുകൊണ്ട്‌ ഡബ്ലു എച്ച്‌ ഒ കൺസൾട്ടന്റ്‌ ഡോ ഷിബു ബാലകൃഷ്ണൻ പറഞ്ഞു.

അഡീഷണൽ ഡി എം ഒ ഡോ എസ് ശ്രീദേവി, ടി ബി ഓഫീസർ ഡോ ശരത് റാവു, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ മാത്യൂസ് നമ്പേലി, ഡോ പി എസ് രാകേഷ്, ജില്ലാ മാസ് മീഡിയ ഓഫീസർ സഗീർ സുധീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നുമെത്തിയ രോഗവിമുക്തരായവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.