ഗ്യാസ് കണക്ഷന്‍ സബ്‌സിഡി ലഭിക്കാത്തത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ബാങ്കുമായി ബന്ധപ്പെട്ടവയ്ക്ക് പരിഹാരം കാണാന്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെുന്ന്് ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍ പറഞ്ഞു. സബ്‌സിഡി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് എല്‍.പി.ജി ഓപ്പണ്‍ ഫോറത്തിന്റെ തീരുമാനപ്രകാരം  എ.ഡി.എം ടി.വിജയന്‍ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭിച്ച പരാതികളില്‍ ഏറെയും ബാങ്കുമായി ബന്ധപ്പെട്ടതാണ്.

ഗ്യാസ് കണക്ഷന് സബ്‌സിഡി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലീഡ് ബാങ്ക് മാനേജര്‍ ഡി.അനില്‍ ഉപഭോക്താക്കള്‍ക്ക് ബോധവത്കരണം നടത്തി. സബ്‌സിഡിയുമായി ബന്ധപ്പെട്ട പരാതികളുമായി ഉപഭോക്താക്കള്‍ എത്തുന്നത് ഗ്യാസ് ഏജന്‍സികളിലും ബാങ്കുകളിലുമാണ്. എന്നാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി ലഭ്യമാക്കുന്ന പ്രവര്‍ത്തനത്തില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യയും എന്‍.പി.സി.ഐ (നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ) ഏജന്‍സിയും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്.

സബ്‌സിഡി ലഭിക്കുന്നത് അപേക്ഷകന്‍ നല്‍കിയിട്ടുള്ള ആധാര്‍ നമ്പറിനും ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കുമാണ്. എന്‍.സി.പി.ഐ യില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങളിലെ അപൂര്‍ണ്ണത ഒരു പക്ഷെ പരാതിക്ക് കാരണമായേക്കാം. ഈ വിവരങ്ങള്‍ ബാങ്കിന് ലഭ്യമല്ലാത്തതിനാല്‍ പരാതികള്‍ എളുപ്പത്തില്‍ പരിഹരിക്കുന്നതില്‍ കാലതാമസം വരാനിടയുണ്ട്. ഇത്തരം പ്രശ്‌നങ്ങല്‍ എന്‍.പി.സി.ഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നും പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ലീഡ് ബാങ്ക് മാനേജര്‍ ഡി. അനില്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ സബ്‌സിഡി ലഭിക്കുന്നതില്‍ തടസം നേരിടാതിരിക്കാന്‍ ശ്രദ്ധിക്കേയ്യണ്ട കാര്യങ്ങള്‍ സംബന്ധിച്ച ് അദാലത്തില്‍ വിശദീകരിച്ചു. സബ്‌സിഡി ലഭിക്കാത്തവര്‍ നിലവിലെ ബാങ്ക് അക്കൗണ്ടിലെ ആധാര്‍ നമ്പര്‍ നീക്കം ചെയ്ത് ബാങ്കുമായി ബന്ധപ്പെട്ട് വീണ്ടും അപ്‌ഡേറ്റ് ചെയ്യണം.

അവസാനമായി എടുത്ത ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ടിലേക്കാണ് സബ്‌സിഡി ലഭിക്കുക. അതിനാല്‍ സബ്‌സിഡിക്കായി ഇടയ്ക്കിടെ അക്കൗണ്ട് മാറ്റുന്നത് ഒഴിവാക്കണം. ബാങ്കുമായി ബന്ധപ്പെട്ട് സബ്‌സിഡി ലഭിക്കേണ്ട അക്കൗണ്ട് മാത്രം നല്‍കി മറ്റുള്ളവ  ഒഴിവാക്കണം.ജോയിന്റ് അക്കൗണ്ടാണ് നല്‍കിയിട്ടുള്ളതെങ്കില്‍ ആദ്യത്തെ പേര് ആരുടേതാണോ അവരുടെ അക്കൗണ്ടിലേക്കാണ് സബ്‌സിഡി ലഭിക്കുക.

അദാലത്തില്‍ 113 പരാതികളാണ് ലഭിച്ചത്. ആധാര്‍ ബന്ധിപ്പിക്കല്‍, ടെലഫോണ്‍ നമ്പര്‍ തെറ്റായി നല്‍കിയത്, ജോയിന്റ് അക്കൗണ്ട് തുടങ്ങിയവയിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച 90 ശതമാനം പരാതികളും പരിഹരിച്ചതായി ലീഡ് ബാങ്ക് മാനേജര്‍ ഡി.അനില്‍ അറിയിച്ചു. ഐ.ഒ.സി സെയില്‍സ് ഓഫീസര്‍ അരവിദ്ധാക്ഷന്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.