കൊച്ചി: അവകാശവാദങ്ങളുടെ പിന്നാലെ പോകാതെ ചികിത്സാ സമ്പ്രദായങ്ങളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി വിലയിരുത്തണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ഡോ. പി.എന്‍.എന്‍. പിഷാരടി. വൈദ്യശാസ്ത്രസംബന്ധമായ അറിവില്ലാത്തവര്‍ നടത്തുന്ന ചികിത്സകള്‍ വരുത്തുന്ന അപകടങ്ങളെ കുറിച്ച് സമൂഹം ബോധവാന്‍മാരാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധ മരുന്നുകളുടെ ആവശ്യകത സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. പിഷാരടി.
പടിപടിയായുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. വിദ്യാഭ്യാസവും അറിവും ഉള്ളവര്‍ പോലും ഇതിന് ഇരയാകുന്നു. പ്രതിരോധമരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത് രക്ഷിതാക്കളുടെയും സര്‍ക്കാരിന്റെയും ധാര്‍മികവും നിയമപരവുമായ കടമയായി മാറിയില്ലെങ്കില്‍ ഡിഫ്തീരിയ മരണം പോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. വാക്‌സിനുകളുടെ പ്രയോജനം ലഭിച്ച തലമുറ, തങ്ങളുടെ കുട്ടികളെ ഇതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ നളിനകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോണി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.