ഇടുക്കി: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുളമാവ് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ അറക്കുളം കോട്ടയം മുന്നിയില്‍ സംഘടിപ്പിച്ചു.
അന്യം നിന്നുപോയ നെല്‍ക്കൃഷിയെക്കുറിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ നെല്ല് നമ്മുടെ അന്നമാണ്, എല്ലാവരും നെല്‍ പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. അറക്കുളം ഗ്രാമപഞ്ചായത്തിലെ 17 സ്‌കൂളുകളില്‍ നിന്നുമായി 84 വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേല്‍ ഞാറു നട്ട് ആരംഭിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും മുതിര്‍ന്നവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചു തങ്ങള്‍ക്ക് ലഭിച്ച ഞാറ് നട്ടു.
ജില്ലാ കൃഷി ഓഫീസര്‍ ബാബു ടി ജോര്‍ജ് കുട്ടികള്‍ക്ക് നെല്‍കൃഷിയെകുറിച്ച് വളരെ ലളിതമായി വിവരിച്ചു നല്‍കി. വിവിധ തരത്തില്‍ ഉള്ള നെല്‍കൃഷിയെ കുറിച്ചും അവ ചെയ്യേണ്ട വിവിധ രീതികളും അദ്ദേഹം പറഞ്ഞു.ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു പി മാത്യു, അറക്കുളം കൃഷി ഓഫീസര്‍ മാര്‍ട്ടിന്‍ തോമസ് വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
സ്‌കൂളുകളിലെ നേച്ചര്‍ ക്ലബ്ബിന്റെ സഹായത്തോടെ ഞാറ് നടുന്നത് മുതല്‍ വിളവെടുപ്പ് നടത്തുന്നത് വരെയുള്ള നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളിലും വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചാവും പരിപാടിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം. അതിലൂടെ അവര്‍ക്ക് കൃഷി രീതികള്‍ പൂര്‍ണമായും മനസിലാക്കുവാന്‍ സാധിക്കും. തുടര്‍ന്ന് നെല്‍കൃഷിക്ക് ശേഷം മറ്റു കൃഷികള്‍ കൂടി കുട്ടികളെ പരിചയപെടുത്തുവാനാണ് ഉദ്ദേശിക്കുന്നത്.