- സംസ്ഥാനത്തെ ആദ്യ തരിശുരഹിത മണ്ഡലമായി പാറശ്ശാല
- പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി
സംസ്ഥാനം മുഴുവൻ തരിശുരഹിതമാക്കുക എന്നതിന്റെ ആദ്യ വിജയമാണ് പാറശ്ശാല നിയോജകമണ്ഡലത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേരളത്തിനെന്നല്ല ഇന്ത്യക്കുതന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണ്. ജനങ്ങളിൽ കാർഷിക അവബോധം സൃഷ്ടിക്കുന്നതിനായി ഒരു കാർഷിക വിജ്ഞാന കേന്ദ്രം സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. അടുത്തമാസം അതിനു തുടക്കമാകും. പാലിയോട് എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്പൂർണ തരിശുരഹിത പ്രഖ്യാപന സമ്മേളനത്തിന്റെ നിറഞ്ഞ വേദിയെ സാക്ഷി നിർത്തി മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തിശുചിത്വം പോലെതന്നെ പ്രധാനപ്പെട്ടതാണ് നാടിന്റെ ശുചിത്വവും. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് ചെറുതും വലുതുമായ ജലസ്രോതസ്സുകളുടെ ശുചിത്വം. ഉറവിട മാലിന്യ സംസ്‌കരണവും പ്രാധാന്യമർഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ച പാറശ്ശാല എം.എൽ.എ സി.കെ ഹരീന്ദ്രനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ ഹരിതകേരളം മിഷന്റെ ഭാഗമായി പാറശ്ശാല മണ്ഡലത്തിൽ നടപ്പിലാക്കിയ സമ്പൂർണ തരിശു നിർമാർജന ജൈവ കാർഷിക കർമ്മപദ്ധതിയായ ‘തളിരി’ന്റെ സമ്പൂർണ വിജയ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. മണ്ഡലത്തിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിൽ വിശദമായ സർവെ നടത്തി കണ്ടെത്തിയ മുഴുവൻ തരിശു ഭൂമിയും കൃഷിഭൂമിയാക്കുവാൻ പദ്ധതിവഴി സാധ്യമായി. വിവിധ സർക്കാർ വകുപ്പുകളുടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പദ്ധതി വിജയകരമായി മണ്ഡലത്തിൽ നടപ്പാക്കാനായത്.
കാർഷികരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ സർക്കാരിന് കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷനായിരുന്ന കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞവർഷം ഉത്പാദിപ്പിച്ച 12 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പന്നങ്ങളിൽ 93 ശതമാനത്തിലധികവും വിഷരഹിത പച്ചക്കറിയാണെന്നത് ശ്രദ്ധേയമായതായും അദ്ദേഹം പറഞ്ഞു.
സി.കെ ഹരീന്ദ്രൻ എം.എൽ.എ സ്വാഗതം ആശംസിച്ചു. കെ. ആൻസലൻ എം.എൽ.എ, നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തളിര് പദ്ധതി രക്ഷാധികാരിയുമായ ആനാവൂർ നാഗപ്പൻ, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ടി.എൻ സീമ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷകർ, കർഷക തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.