മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടക്കുന്ന ദേശിയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായി സംഘടിപ്പിച്ച വർണ ശബളമായ വിളംബര ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് വ്യത്യസ്തമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 800 ഓളം പവർലിഫ്റ്റിംഗ് കായിക താരങ്ങളും വാത്തിക്കുടി പഞ്ചായത്തിലെ വിവധ സ്കൂൾ – കോളേജ് വിദ്യാർത്ഥികൾ, വിവിധ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളും അടക്കം ഇരുപതിനായിരത്തിലധികം പേർ പങ്കെടുത്തു.
ചെണ്ടമേളം, ബാന്റു മേളവുമായി എൻസിസി, എസ് പി സി, എൻ എസ് എസ് വിദ്യാർത്ഥികളും, കഥകളി, തെയ്യം, പരുന്താട്ടം തുടങ്ങി തനത് കലാരൂപങ്ങൾ, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പ്രതിഫലിപ്പിക്കുന്ന പ്ലോട്ടുകൾ, മദ്യപാനത്തിനെതിരെ ആഹ്വാനം നൽകുന്ന നിശ്ചല ദൃശ്യം, തിരുവാതിര കളി, മാർഗം കളി, ഒപ്പന, ദഫ് മുട്ട്, വള്ളം കളി, പുലികളി തുടങ്ങി വിവിധയിനം വേഷങ്ങളും വിളംബര ഘോഷയാത്രയിലെ ആകർഷണങ്ങളായിരുന്നു.
വാത്തുക്കുടി പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര രണ്ടു മണിക്കൂർ കൊണ്ടാണ് പാവനാത്മ കോളേജിൽ എത്തിചേർന്നത്. പരിപാടിയോടനുബന്ധിച്ച് വൈകുന്നേരങ്ങളിൽ വിവിധ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും. ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 30 ന് സമാപിക്കും.