ഹഡില്‍ കേരള രണ്ടാം പതിപ്പിന് തുടക്കം

ഒരു ഡിജിറ്റല്‍ സമൂഹത്തിലേക്കും വിജ്ഞാനാന്തരീക്ഷത്തിലേക്കും സംസ്ഥാനത്തെ പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ജനങ്ങളുടെ പുരോഗതിക്കായും സാമൂഹികപരിവര്‍ത്തനത്തിനായും പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ദര്‍ശനം. നൂതനമായ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന സമഗ്രമായ സ്റ്റാര്‍ട്ട് അപ്  നയമാണ് കേരളത്തിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഐ) സഹകരണത്തോടെ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ കേരള ദ്വിദിന സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് കോവളം ലീല റാവിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ഇന്‍കുബേഷന്‍ സൗകര്യവും ഫണ്ട് ഓഫ് ഫണ്ട് മാതൃകയും നടപ്പാക്കി. ജന്റോബോട്ടിക്‌സ് പോലെ പല വിജയഗാഥകളും സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ് രംഗത്തുണ്ടായി. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി സവിശേഷമായ പ്രൊക്യൂര്‍മെന്റ് നയമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. വിദേശത്തും ഇന്ത്യയില്‍നിന്നുമുള്ള സ്റ്റാര്‍ട്ട് അപ്പുകളെ സംസ്ഥാനം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനിതാസംരംഭകര്‍ക്കായുള്ള ശേഷീവികസനപദ്ധതി വിങ്ങിന്  മുഖ്യമന്ത്രി തുടക്കം കുറിച്ചു. അഡോബ് പ്രോഗ്രാം അദ്ദേഹം പ്രകാശനം ചെയ്തു.

ഒപ്പോ, ഫ്യൂച്വര്‍ ഗ്രൂപ്പ്, ഓര്‍ബിറ്റല്‍ എന്നീ ആഗോളസ്ഥാപനങ്ങള്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി ഒപ്പിട്ട ധാരണാപത്രം ഐടി സെക്രട്ടറി എം.ശിവശങ്കര്‍ക്ക് കൈമാറി. യുവ സ്റ്റാര്‍ട്ട് അപ്പ് സംരംഭകന്‍ സഞ്ജയ് നെടിയറയ്ക്ക് മുഖ്യമന്ത്രി ചടങ്ങില്‍ ഉപഹാരം നല്‍കി.
ട്വിറ്റര്‍ സഹസ്ഥാപകന്‍ ക്രിസ്റ്റഫര്‍ ഐസക് ബിസ്റ്റോണ്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.

കേന്ദ്ര വ്യവസായപ്രോത്സാഹന, ആഭ്യന്തരവാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി അനില്‍ അഗ്രവാള്‍ മുഖ്യാതിഥിയായി. ഐടി സെക്രട്ടറി എം.ശിവശങ്കര്‍ സ്വാഗതവും ഐഎഎംഎഐ സിഇഒ ജിതേന്ദര്‍ മിന്‍ഹാസ് നന്ദിയും പറഞ്ഞു.

ആഗോളസാങ്കേതിക-വ്യാവസായികമേഖലകളിലെ വിദഗ്ധര്‍ക്കു മുന്നില്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് സ്റ്റാര്‍ട്ട്അ പ്പുകള്‍ക്ക് അവസരം ലഭ്യമാക്കുന്നത് ലക്ഷ്യമിടുന്ന സംഗമത്തില്‍ സര്‍ക്കാര്‍, നിക്ഷേപകര്‍, മാര്‍ഗനിര്‍ദേശകര്‍, സംരംഭകത്വപങ്കാളികള്‍ തുടങ്ങിയവര്‍ക്കും ടെക് സംരംഭങ്ങള്‍ക്കുമാണ്  ഊന്നല്‍ നല്‍കുന്നത്.

സ്റ്റാര്‍ട്ട് അപ്പുകള്‍, മേഖലയിലെ വിദഗ്ധര്‍, നയകര്‍ത്താക്കള്‍, തുടങ്ങിയ മേഖലയിലെ ബന്ധപ്പെട്ടവര്‍ക്കു മുന്നില്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങളും സംസ്ഥാനസര്‍ക്കാരുമായി സഹകരിക്കുന്നതിനുള്ള വേദിയുമൊരുക്കും.

ബ്‌ളോക്ക് ചെയിന്‍, നിര്‍മിതബുദ്ധി, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഡിജിറ്റല്‍ വിനോദമേഖല. ഡ്രോണ്‍ സാങ്കേതികവിദ്യ, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഇ-ഗവേണന്‍സ് മൊബൈല്‍ ഗവേണന്‍സ്, യൂസര്‍ ഇന്റര്‍ഫെയ്‌സ്/ എക്‌സപീരിയന്‍സ് തുടങ്ങിയ മേഖലകള്‍ക്ക്് ഹഡില്‍ കേരള ഇത്തവണ പ്രാമുഖ്യം നല്‍കുന്നു. നെറ്റവര്‍ക്കിങ് സെഷനുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ശില്പശാലകള്‍, സമാന്തരചടങ്ങുകള്‍ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.