ജില്ലയുടെ സമഗ്രവികസനത്തിനായുള്ള പദ്ധതി രൂപീകരണം അന്തിമഘട്ടത്തില്‍. പദ്ധതിക്കായി വിവിധ മേഖലകളില്‍ നിന്ന് സമാഹരിച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തദ്ദേശസ്ഥാപന പ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ വികസന സെമിനാര്‍ നടന്നു. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സമഗ്ര വികസനത്തിനുതകുന്ന നിലയില്‍ പദ്ധതികള്‍ ഏകോപിപ്പിക്കണമെന്ന് എസ്. ജയമോഹന്‍ പറഞ്ഞു. എം.പി, എം.എല്‍.എ ഫണ്ടുകളുടെ വിഹിതം പൊതുവികസന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പദ്ധതികളുടെ ഭാഗമാക്കണം. ജില്ലയിലെ സാംസ്‌കാരിക സാന്നിദ്ധ്യങ്ങളായിരുന്ന ഒ.എന്‍.വി, വി. സാംബശിവന്‍, ജി.ദേവരാജന്‍ തുടങ്ങിയവരുടെ സംഭാവനകള്‍ പുതുതലമുറയ്ക്ക് പകരുന്നതിനായി സാംസ്‌കാരിക സമുച്ചയം യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 19 ഉപസമിതികളുടെ നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. കാര്‍ഷിക മേഖലയില്‍ വിവിധ വിളകളുടെ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം വിള ഇന്‍ഷുറന്‍സ്, മൂല്യവര്‍ധനവ്, സബ്‌സിഡി, കര്‍ഷക സൗഹൃദ യന്ത്രങ്ങള്‍, കൃത്യതാ കൃഷി സമ്പ്രദായം, വിപണന സൗകര്യം തുടങ്ങിയവയുടെ നിര്‍വ്വഹണം സംബന്ധിച്ച ക്രിയാത്മക നിര്‍ദ്ദേശം ജില്ലാ പദ്ധതിയുടെ ഭാഗമാണ്. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളും കുടുംബശ്രീയുമായി സഹകരിച്ചുള്ള വിപണികളും മാംസവിപണന ശാലകളുടെ ആധുനികവത്കരണവും പദ്ധതി നിര്‍ദ്ദേശിക്കുന്നു.
ഹാര്‍ബറുകളില്‍ യാനങ്ങള്‍ അടുക്കുന്നതിന് ബര്‍ത്തിംഗ് സൗകര്യം മെച്ചപ്പെടുത്തണം. കടലാക്രമണം നേരിടുന്ന പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ കടല്‍ഭിത്തി ബലപ്പെടുത്തണം. ഹൈടെക് ഫിഷ്മാര്‍ക്കറ്റുകള്‍, ഫിഷ്ഫാമുകള്‍ കേന്ദ്രീകരിച്ച് ടൂറിസം ഹബ്, മത്സ്യഗ്രാമങ്ങളില്‍ കൂടുതല്‍ അങ്കണവാടികള്‍, മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിടം, തുടങ്ങി നൂതന നിര്‍ദ്ദേശങ്ങളാണ് മത്സ്യമേഖലയ്ക്കായി നീക്കിവച്ചിട്ടുള്ളത്.
വാട്ടര്‍ ആന്റ് വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ്, റിന്യൂവബിള്‍ എനര്‍ജി, സ്‌കില്‍ ഡവലപ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ്, കണ്‍സ്യൂമര്‍ കണ്‍സോര്‍ഷ്യം എന്നീ മേഖലകളില്‍ സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതി ശുപാര്‍ശ ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനം മുന്നില്‍കണ്ട് പരിസ്ഥിതി പരിപാലനത്തിന് ഉതകുന്ന മാലിന്യ വിമുക്തി ഉറപ്പാക്കുക, കണ്ടല്‍ വനവ്യാപനത്തോടൊപ്പം വെര്‍ട്ടിക്കല്‍ വനം എന്ന പുതിയ ആശയം എന്നിവയും ജില്ലാ പഞ്ചായത്ത് വഴി ഭവന നിര്‍മാണത്തിന് ബദല്‍ സാങ്കേതിക വികസന കേന്ദ്രവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ സ്‌പോര്‍ട് ഫണ്ട് രൂപീകരണവും പ്രാദേശിക കായിക താരങ്ങളുടെ പ്രോത്സാഹനവും അവര്‍ക്കായി കായികോത്സവവും ശുപാര്‍ശകളില്‍ ഇടം നേടി. യുവജന കൂട്ടായ്മയിലൂടെ കൃഷിയും അവര്‍ക്കായി പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള വിവര ശേഖരണവും നടത്തണം.
പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കെല്ലാം സഹായകമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഹ്രസ്വ-ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി വിഭാവനം ചെയ്യുന്നു. പദ്ധതി ജനുവരി 23ന് ആസൂത്രണ ബോര്‍ഡില്‍ സമര്‍പ്പിക്കും.
സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പദ്ധതി വിശദീകരിച്ചു. മേയര്‍ അഡ്വ. വി. രാജേന്ദ്ര ബാബു, എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, എം. നൗഷാദ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, പുനലൂര്‍ നഗരസഭാധ്യക്ഷന്‍ എം. എ. രാജഗോപാല്‍, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, എസ്.ആര്‍.ജി അംഗം എസ്. ജമാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.