കേരള സമൂഹവും കേരള സംസ്‌കാരവും സംസ്ഥാനത്തിന്റെ അതിര്‍ത്തിവിട്ട് ലോകമാകെ വ്യാപിച്ചുവളരുന്ന സാഹചര്യത്തില്‍ അതിന് നേതൃത്വം കൊടുക്കാനായി രൂപീകൃതമായ ലോക കേരളസഭയില്‍ ആകെ 351 അംഗങ്ങളുണ്ടാകും. കേരളത്തിനകത്തും പുറത്തും വസിക്കുന്ന കേരളീയരുടെ പ്രഥമ പൊതുവേദി എന്ന നിലയില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക്‌സഭാംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര്‍ സഭയില്‍ അംഗങ്ങളായിരിക്കും. ഇതിനുപുറമെ ഇന്ത്യന്‍ പൗര•ാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സഭയിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഇതില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നി്ന്നുള്ളവരും 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ആറുപേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരും ആയിരിക്കും.
കൂടാതെ വിവിധ മേഖലകളിലുള്ള 30 പ്രമുഖ വ്യക്തികളെയും സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും.ഇതിനുപുറമെ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യന്‍ പൗരത്വമില്ലാത്ത കേരളീയരുള്‍പ്പെടെയുള്ള ഏതാനും ആളുകളെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ പരിഗണിച്ചാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദേശം  സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന്  നോര്‍ക്ക റൂട്‌സ് പ്രവാസികള്‍ക്ക് വ്യക്തികള്‍ എന്ന നിലയ്ക്കും അവരുടെ സംഘടനകള്‍ക്കും അവസരം നല്‍കിയിരുന്നു. നോമിനേഷന്‍ പ്രക്രിയ സംബന്ധിച്ച് ഏംബസികളിലും മറ്റു വേദികളിലും വിവിധ അറിയിപ്പുകളും നല്‍കിയിരുന്നു. ഇതനുസരിച്ച് ലഭ്യമായ നിര്‍ദേശങ്ങളില്‍ നിന്ന് മേഖല മാനദണ്ഡങ്ങള്‍ അനുസരിച്ച് ലോക കേരള സഭയിലേക്കുള്ള അംഗങ്ങളുടെ പാനല്‍ തയ്യാറാക്കിയത് നോര്‍ക്ക സെക്രട്ടറി, സി.ഇ.ഒ, ജനറല്‍ മാനേജര്‍ തുടങ്ങിയവര്‍ അടങ്ങിയ ഉന്നതാധികാര സമിതിയാണ്.
ലോക കേരളസഭാ നേതാവ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും  ഉപനേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആണ്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ആണ് സഭാ സെക്രട്ടറി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആയിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റ് അംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും പ്രസീഡിയം.
നോര്‍ക്ക വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍, ബോര്‍ഡ് അംഗങ്ങള്‍, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവിധ വിഷയമേഖല വിദഗ്ധര്‍ എന്നിവരടങ്ങിയ ഉപദേശകസമിതി കരടു നടപടിക്രമങ്ങളും കരടുരേഖകളും തയ്യാറാക്കുന്നതില്‍ സെക്രട്ടേറിയറ്റിനെ സഹായിക്കുന്നു.
സഭയുടെ നടപടിക്രമവും സഭയില്‍ അവതരിപ്പിക്കുന്ന രേഖകളും മുന്‍കൂട്ടി തയ്യാറാക്കി സഭാംഗങ്ങള്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. സഭാംഗം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളും ചോദ്യങ്ങളും മറ്റും മുന്‍കൂട്ടി തയ്യാറാക്കി സഭാ നേതാവിന്റെ അനുവാദത്തോടെ  അയച്ചുനല്‍കാവുന്നതാണ്.  അംഗങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളും ചോദ്യങ്ങളും സെക്രട്ടേറിയേറ്റിന് മുന്‍കൂട്ടി സമര്‍പ്പിക്കും. സഭയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ ഐകകണ്‌ഠേന തീരുമാനമെടുക്കുന്ന രീതിയായിരിക്കും ലോക കേരള സഭ പൊതുവില്‍ സ്വീകരിക്കുക. അഭിപ്രായ സമന്വയം സൃഷ്ടിക്കാന്‍ അംഗങ്ങളും സഭാനേതൃത്വവും സെക്രട്ടേറിയേറ്റും പരിശ്രമിക്കും.
ലോക കേരളസഭയിലെത്തുന്ന പ്രമുഖരില്‍ ചിലര്‍
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച കേരളീയരായ പ്രമുഖര്‍ ലോക കേരളസഭയില്‍ അംഗങ്ങളായിരിക്കും. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, കെ.ജെ. യേശുദാസ്, കെ. എം. ചെറിയാന്‍,   എം.എസ്. സ്വാമിനാഥന്‍, എം.എസ്. വല്യത്താന്‍, നിലമ്പൂര്‍ ആയിഷ, ടി.ജെ.എസ്. ജോര്‍ജ്, എ. ഗോപാലകൃഷ്ണന്‍, എ.വി. അനൂപ്, അജിത് ബാലകൃഷ്ണന്‍, ആസാദ് മൂപ്പന്‍,   ബി. ജയമോഹന്‍, ബോസ് കൃഷ്ണമാചാരി, ഗോകുലം ഗോപാലന്‍,  കെ. സച്ചിദാനന്ദന്‍, കെ.വി. ഭഗീരഥ്, ക്രിസ് ഗോപാലകൃഷ്ണന്‍, എം.എ. യൂസഫലി, എം. അനിരുദ്ധന്‍, എം.ജി. ശാര്‍ങ്ഗധരന്‍, എം. മുകുന്ദന്‍, എം.പി. രാമചന്ദ്രന്‍, പി.എന്‍.സി മേനോന്‍, രവി പിള്ള, റസൂല്‍ പൂക്കുട്ടി,  ശശികുമാര്‍, ശോഭന, സുനിത കൃഷ്ണന്‍, അനിത നായര്‍, ജെ.അലക്‌സാണ്ടര്‍, രേവതി, ഓംചേരി എന്‍.എന്‍.പിള്ള, പ്രൊഫ. വളപ്പില്‍  പ്രദീപ്, കെ.എസ്.ചിത്ര,ഡോ. എം.വി പിള്ള, എ.എം മത്തായി, ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, ഗീതാ ഗോപിനാഥ്, പ്രൊഫ. എസ്.ഡി ബിജു തുടങ്ങിയവരാണ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പുറമെ ലോക കേരള സഭയിലെ അംഗങ്ങള്‍.