കേരളത്തോടും കേരളീയരോടുമുള്ള മതിപ്പ് വ്യക്തമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കിറ്റ്സ് വിദ്യാർഥി കൂടിയായ വാർഡ് കൗൺസിലർ എം.എ വിദ്യാമോഹനെ അഭിനന്ദിച്ചു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻറ് ട്രാവൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ടൂറിസം പഠനത്തിലെ ആഗോള ട്രെൻഡുകളെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് കേരളത്തിന്റെ സാക്ഷരതയെ അദ്ദേഹം പ്രകീർത്തിച്ചത്.
കിറ്റ്സിൽ എം.ബി.എ വിദ്യാർഥിനിയായിരിക്കുമ്പോൾ തന്നെ സ്ഥലം വാർഡ് കൗൺസിലറുടെ ഉത്തരവാദിത്തവും നിറവേറ്റുന്ന വിദ്യ പ്രത്യേക അഭിനന്ദനമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
താൻ വിദ്യാർഥിയായിരുന്ന കാലത്ത് 1969 ൽ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് അന്ന് ഉത്തർപ്രദേശിലായിരുന്ന അൽമോറയിൽ ഇൻറർ യൂണിവേഴ്സിറ്റി പരിപാടിയിൽ പങ്കെടുക്കവേയാണ് കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്കിനേക്കുറിച്ച് ആദ്യം കേട്ടത്. അന്നുമുതൽ കേരളത്തോട് പ്രത്യേക ആദരവുണ്ടായിരുന്നു. ഇപ്പോൾ ഈ മതിപ്പ് വർധിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിരവധി അന്തർദേശീയ, ദേശീയ പുരസ്‌കാരങ്ങൾ  കേരളം ടൂറിസത്തിന് നേടാനായതിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ടൂറിസം വകുപ്പിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.