ജനങ്ങളുമായി ഏറ്റവും അടുത്തിടപെടുന്ന സര്‍ക്കാരിന്റെ ഏറ്റവും താഴെത്തട്ടിലെ സംവിധാനമായ വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ മികച്ച പ്രവര്‍ത്തനം ഉറപ്പു വരുത്താനാകുമെന്ന് റവന്യു -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതൊട്ടാകെ വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനായി 113 കോടി അനുവദിച്ചിരിക്കുന്നത്. പാലക്കാട് താലൂകിന് കീഴിലെ ആദ്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസായ കോങ്ങാട് 2 വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തൊട്ടാകെ 146 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ 230 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും 270 വില്ലേജ് ഓഫീസുകളില്‍ പുതിയ മുറികള്‍ നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസുകളില്‍ ആയിരത്തോളം വില്ലേജ് ഓഫീസുകളും ത്വരിതഗതിയില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റവന്യൂ വകുപ്പിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയിലുള്‍പ്പെടുത്തി 40 ലക്ഷം ചെലവിലാണ് 1200 ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ലേജ് ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫ്രണ്ട് ഓഫീസ്, സന്ദര്‍ശക മുറി, ഓഫീസ് മുറി, റെക്കോര്‍ഡ് മുറി, ഡിസൈനിങ് റൂം, ടോയ്ലെറ്റ് എന്നിവ ഉള്‍പ്പെട്ട കെട്ടിടത്തില്‍ വാട്ടര്‍ സപ്ലൈ, ലാന്‍ഡ് സ്‌കേപ്പിംഗ,് ചുറ്റുമതില്‍, ഫര്‍ണിച്ചര്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പരിപാടിയില്‍ കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എ.ഡി.എം ടി. വിജയന്‍, അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.