പിന്നാക്കവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി 25000 പഠനമുറികള്‍ നിര്‍മ്മിക്കുമെന്നും അതില്‍ 7500 പഠനമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും ബാക്കി പഠനമുറികളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ -നിയമ- സാംസ്‌കാരിക – പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസ് കെട്ടിടം, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം, ബ്ലോക്ക് പഞ്ചായത്ത് സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പിന്നാക്ക വിഭാഗത്തിലെ പുതുതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ മികച്ച വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 50 വര്‍ഷം മുന്നില്‍കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. കിഫ്ബി വഴി 50000 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.
പിന്നാക്ക വിഭാഗങ്ങള്‍ക്കായി വകുപ്പ് നടത്തുന്ന ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ ഗുണഭോക്താക്കളുടെ അറിവില്ലായ്മ മൂലം നഷ്ട്ടപ്പെടാന്‍ ഇടയാക്കരുതെന്നും ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഏറെക്കാര്യങ്ങള്‍ ചെയ്യാനാവുമെന്നും മന്ത്രി പറഞ്ഞു.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പി. ഉണ്ണി എം.എല്‍.എ. അധ്യക്ഷനായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍, ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ നാരായണന്‍ നമ്പൂതിരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.കെ . കുഞ്ഞന്‍, എം. പ്രിയ, കെ.കെ. നാരായണന്‍കുട്ടി, മുഹമ്മദ് ഷാഫി , ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ രവിരാജ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ഇ. ഷാജി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.