ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ‘ഗാന്ധിജയന്തി വാരാഘോഷം ഒക്ടോബര്‍ 2 മുതല്‍ 8 വരെ സംഘടിപ്പിക്കും. ശുചിത്വം, പ്രകൃതി പരിപാലനം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള പരിപാടികളാണ് വാരാഘോഷത്തോടനുബന്ധിച്ച് നടക്കുക. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ഐ.ആര്‍.ടി.സി,ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, നെഹ്റു യുവകേന്ദ്ര, വിദ്യാഭ്യസ വകുപ്പ്, എക്സൈസ്, ശബരി ആശ്രമം, ഡി.എം.ഒ, ഫ്രാപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് രാവിലെ 11 ന് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് ഓഡിറ്റോറിയത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനാകും. അന്നേദിവസം രാവിലെ എട്ടിന് നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍, മലമ്പുഴ ഗിരി വികാസ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംയുക്തമായി മലമ്പുഴയില്‍ നിന്ന് അകത്തേത്തറ ശബരി ആശ്രമത്തിലേക്ക് നടത്തുന്ന ഗാന്ധി സ്മൃതി യാത്ര മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര രാമചന്ദ്രന്‍ ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് അകത്തേത്തറ മുതല്‍ പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജ് വരെ കൂട്ടനടത്തവും പാതയോരത്തെ പ്ലാസ്റ്റിക് മാലിന്യ ശേഖരണവും നടക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 10.15 ന് ചെമ്പൈ സ്മാരക സംഗീത കോളേജ് ഓഡിറ്റോറിയത്തില്‍ മലമ്പുഴ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഗാന്ധി ഭജന്‍ അവതരിപ്പിക്കും. 10.30 ന് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിക്കുന്ന ‘എന്റെ മഹാത്മ’ – വരയ്ക്കാം എഴുതാം, ‘ ചുവരെഴുത്ത് നടക്കും. ഉദ്ഘാടനപരിപാടിയില്‍ ഗാന്ധിയന്‍ അമ്പലപ്പാറ നാരായണന്‍ നായരെ ആദരിക്കും. ഹരിത കേരളം മിഷന്‍ സംസ്ഥാന റിസോഴ്‌സ് പേഴ്സണും ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രതിനിധിയുമായ ഡോ.കെ വാസുദേവന്‍ പിള്ള ‘പ്രകൃതി സംരക്ഷണം ഗാന്ധിദര്‍ശനത്തിലൂടെ’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മാലിന്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട ‘പ്രണവും സൈക്കിളും’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നടക്കും.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ ഉണ്ണികൃഷ്ണന്‍, നെഹ്‌റു യുവകേന്ദ്ര യൂത്ത് കോര്‍ഡിനേറ്റര്‍ എം.അനില്‍ കുമാര്‍, ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ബെനില ബ്രൂണോ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സുമ, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചക്ക് 12 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, നെഹ്‌റു യുവകേന്ദ്ര, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സിവില്‍ സ്റ്റഷന്‍ പരിസരത്ത് മാലിന്യ കുട്ട സ്ഥാപിക്കും. ശുചീകരണ പരിപാടിയില്‍ പങ്കാളികളായവര്‍ക്ക് എ.ഡി.എം ടി.വിജയന്‍ പ്രകൃതി സൗഹാര്‍ദ്ദ ബാഗുകള്‍ വിതരണം ചെയ്യും. ഒക്ടോബര്‍ 3 ന് ഭാരതീയ ചികിത്സ വകുപ്പുമായി സഹകരിച്ച് ആരോഗ്യ കേന്ദ്രങ്ങളില്‍ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് ശ്രീകൃഷ്ണപുരം ബാബുജി പാര്‍ക്കില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് *മഹാത്മ ഗാന്ധി* എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. ഒക്ടോബര്‍ അഞ്ചിന് ഖാദി വ്യവസായ ബോര്‍ഡുമായി സഹകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഒക്ടോബര്‍ 7 ന് കണ്ണാടി കമ്മ്യൂണിറ്റി ഹാളില്‍ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ ‘മഹാത്മാവിനെ നേരില്‍ കാണാം’. മഹാത്മാ ഗാന്ധിയുടെ വേഷപ്പകര്‍ച്ചയില്‍ എത്തുന്ന ഗാന്ധിയന്‍ ചാച്ചാ ശിവരാജന്‍ കുട്ടികള്‍ക്ക് ലഹരി വിമുക്ത സന്ദേശം നല്‍കും തുടര്‍ന്ന് വിദ്യാര്‍ഥികളുമായി സംവദിക്കും. കൂടാതെ ‘എനിക്ക് പറയാനുള്ളത്’ എന്ന വിഷയത്തില്‍ തെരുവ് നാടകം അരങ്ങേറും. ഒക്ടോബര്‍ എട്ടിന് ശുചിത്വമാതൃക കോളനിയായി അംഗീകരിച്ച പാലക്കാട് ന്യൂ സിവില്‍ നഗര്‍ കോളനി ഓഡിറ്റോറിയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ഫ്രാപ്പ് എന്നിവയുടെ സഹകരണത്തോടെ ഐ.ആര്‍.ടി.സി സംഘടിപ്പിക്കുന്ന ജൈവമാലിന്യ സംസ്‌കരണ വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും നടക്കും. ഉച്ചക്ക് 2.30 ന് നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുകയും മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും മികവു പുലര്‍ത്തുകയും ചെയ്ത ശ്രീകൃഷ്ണപുരം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകളെയും ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി നഗരസഭകളെയും ആദരിക്കും. തുടര്‍ന്ന് മാലിന്യ സംസ്‌കരണം പൊതു നിര്‍ദ്ദേശങ്ങള്‍ എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ,എന്താണ് മാതൃകാ ശുചിത്വ കോളനി എന്ന വിഷയത്തില്‍ ഐ.ആര്‍.ടി.സി പ്രതിനിധി പ്രൊഫ ബി. എം മുസ്തഫ എന്നിവര്‍ സംസാരിക്കും.

മുതിര്‍ന്ന ഗാന്ധിയന്‍ അമ്പലപ്പാറ നാരായണന്‍ നായരെ ആദരിക്കും
ജില്ലയിലെ മുതിര്‍ന്ന ഗാന്ധിയനായ അമ്പലപ്പാറ നാരായണന്‍ നായരെ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ആദരിക്കും. സ്വാതന്ത്ര സമരത്തില്‍ പങ്കാളിയായ അമ്പലപ്പാറ നാരായണന്‍ നായര്‍ സ്വാതന്ത്രസമര സേനാനികള്‍ക്കായുള്ള പെന്‍ഷന്‍ വേണ്ടെന്ന് വെച്ച്, നാടിനു വേണ്ടിയാണ് താന്‍ സമരം ചെയ്തതെന്ന് പ്രഖ്യാപിച്ച വ്യക്തിത്വമാണ്.
1930 ല്‍ ഒറ്റപ്പാലം അമ്പലപ്പാറയില്‍ ജനിച്ച നാരായണന്‍ നായര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സേവാഗ്രാം ആശ്രമം, കല്ലുപ്പെട്ടി ആശ്രമം, എന്നിവിടങ്ങളില്‍ പരിശീലനം നേടിയശേഷം വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് ഖാദി – ഗ്രാമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേളപ്പജിയുടെ സഹായിയായി ഭൂദാന യജ്ഞത്തിലും തളിക്ഷേത്ര സത്യാഗ്രഹത്തിലും എം.പി.മന്മഥന്റെ സഹപ്രവര്‍ത്തകനായി സര്‍വോദയ മദ്യനിരോധന പ്രവര്‍ത്തനങ്ങളിലും ജെ.പി. പ്രസ്ഥാനത്തിലും പങ്കാളിയായിട്ടുണ്ട്. സ്വന്തം ഗ്രാമത്തില്‍ വിവിധ അടിസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഖാദി കേന്ദ്രം അമ്പലപ്പാറയില്‍ സ്ഥാപിച്ചു. താനൊരു കര്‍ഷകനാണെന്ന് അഭിമാനത്തോടെ അവകാശപ്പെടുന്ന നാരായണന്‍ നായര്‍ വാര്‍ധ മോഡല്‍ ചക്കില്‍ ആട്ടിയെടുത്ത എണ്ണയും കൈകൊണ്ടുണ്ടാക്കുന്ന സോപ്പുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇപ്പോള്‍ മകള്‍ക്കൊപ്പം ഒലവക്കോടാണ് താമസം. ഭാര്യ കുഞ്ഞുലക്ഷ്മി. മക്കള്‍: ഡോ. ദേവി പ്രകാശ്, ശിവപ്രസാദ്.