പത്തനംതിട്ട: സ്‌കൂള്‍വഴിയുള്ള മാലിന്യശേഖരണപദ്ധതി ‘കളക്ടേഴ്സ് @ സ്‌കൂളി’ന് ജില്ലയില്‍ തുടക്കമായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടന്ന ചടങ്ങില്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു.   പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ കാതോലിക്കേറ്റ് കോളജ് ഉള്‍പ്പെടെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ആരംഭിച്ചത്.
അംഗണവാടികള്‍ മുതല്‍ കോളജ് വരെയുള്ള മറ്റ് സ്ഥാപനങ്ങളില്‍ മാലിന്യശേഖരണത്തിനായുള്ള ബിന്നുകള്‍ രണ്ടാം ഘട്ടമായി സ്ഥാപിക്കും. വിദ്യാര്‍ഥികളില്‍ മാലിന്യം തരംതിരിക്കുന്നതിനുള്ള സംസ്‌കാരം വളര്‍ത്തുന്നതിനൊപ്പം വീടുകളിലും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ സന്ദേശം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള വാരാചരണത്തില്‍ തുടക്കമിട്ട പദ്ധതി ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ ശുചിത്വമിഷന്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. നാലുവീതം ബിന്നുകളാണ് സ്ഥാപിക്കുന്നത്. പെറ്റ് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍, പാല്‍ കവര്‍, പേപ്പര്‍ എന്നിവ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള മിനി മെറ്റീരിയല്‍ കളക്ഷന്‍ സൗകര്യങ്ങളുള്ള ബിന്നുകളാണ് സ്ഥാപിക്കുന്നത്.
വീടുകളില്‍നിന്ന് ഇവ കഴുകി വൃത്തിയാക്കി ഉണക്കി വിദ്യാര്‍ഥികള്‍  സ്‌കൂളുകളിലേക്കു കൊണ്ടുപോകണം. എല്ലാ മാസവും സ്‌കൂളുകളില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളിലാണ് പാഴ്വസ്തുക്കള്‍ കൊണ്ടുവരേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ ഹരിതകര്‍മസേനയെയോ, പാഴ്വസ്തു വ്യാപാരികളേയോ ചുമതലപ്പെടുത്തി ഇവ ശേഖരിച്ച് സംസ്‌കരിക്കും. എന്‍.എസ്.എസ്, സ്റ്റുഡന്റ് പൊലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയവയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക.
കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പി ജോസഫ് അധ്യക്ഷതവഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എന്‍.നന്ദകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസി.പ്ലാനിംഗ് ഓഫീസര്‍ ജി.ഉല്ലാസ്, വനിത ക്ഷേമ ജില്ലാ ഓഫീസര്‍ കെ.ആര്‍ സുജാത, പത്തനംതിട്ട നഗരസഭ സെക്രട്ടി എ.എം മുംതാസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) സി.എസ് നന്ദിനി, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ്കുമാര്‍, കെ.എസ്.എം.എ ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജന്‍, കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ സജിത് ബാബു, ആര്‍.രേഖ തുടങ്ങിയവര്‍ പങ്കെടുത്തു.