പത്തനംതിട്ട: ആരോഗ്യ വകുപ്പിന്റെയും കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെയും ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ സന്നദ്ധ രക്തദാനദിനം ആചരിച്ചു. സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന രക്തദാന ദിനാചരണം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പി.ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ.നിധീഷ് ഐസക് സാമുവല്‍ ഉദ്ഘാടനം ചെയ്തു. കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡന്റ് ബിജു കുമ്പഴ രക്തദാന ദിനാചരണ സന്ദേശം നല്‍കി.
കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍ ജോണ്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍ കുമാര്‍, കോളജ് വിദ്യാര്‍ഥിനി അഖിലാമോള്‍ എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രെറ്റി സഖറിയ ജോര്‍ജ് ആരോഗ്യ സെമിനാര്‍ നയിച്ചു. തുടര്‍ന്നു നടന്ന രക്തദാനക്യാമ്പില്‍ 50 പേര്‍ രക്തം ദാനം ചെയ്തു. രക്തം ദാനം ചെയ്യൂ, ജീവിതത്തില്‍ ഒരിക്കലെങ്കിലും എന്നതാണ് ഈ വര്‍ഷത്തെ രക്തദാനദിന സന്ദേശം.