ബന്ദിപ്പൂർ നാഷണൽ പാർക്ക് വഴിയുള്ള രാത്രികാല യാത്രാനിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരം കാണുന്നതിന് സംസ്ഥാന സർക്കാരിനൊപ്പം എല്ലാ ജനപ്രതിനിധികളുടെയും എല്ലാ വിഭാഗം ജനങ്ങളുടെയും ഇടപെടൽ വേണം.
സംസ്ഥാനത്തെ ബന്ധപ്പെട്ട എം.എൽ.എമാർ, വിവിധ രാഷ്ട്രീയപ്പാർട്ടികൾ എന്നിവരുടെ സംഘത്തോടൊപ്പം കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് പലതവണ സമയം ആവശ്യപ്പെട്ടിട്ടും അനുവദിച്ചുകിട്ടിയില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
പ്രശ്നം ഗൗരവമായിക്കണ്ട് കേന്ദ്രസർക്കാരിന്റെ വനം-വന്യജീവി, ഗതാഗതം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിൽനിന്നും സംസ്ഥാനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതുസംബന്ധിച്ച് ഗതാഗതമന്ത്രി സംസ്ഥാനത്തുനിന്നുള്ള എം.പിമാർക്കും കേന്ദ്രമന്ത്രി വി.മുരളീധരനും കത്തയച്ചു.
നിരോധനം സംസ്ഥാനത്തെ ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അന്തർസംസ്ഥാന യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ഇതുമൂലം ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു. രാത്രികാല യാത്രാനിരോധനം പ്രാബല്യത്തിലായതോടെ പാൽ, പഴം ,പച്ചക്കറി തുടങ്ങിയ അവശ്യസാധനങ്ങളുടെ നീക്കം തടസ്സപ്പെടുന്നു. പകൽസമയത്തും ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നുണ്ട്. ബംഗളുരു, മൈസൂർ ഭാഗത്തേക്കുള്ള ഗതാഗതത്തെ ഇത് വളരെയേറെ ബാധിച്ചു. മറ്റ് ബദൽയാത്രാമാർഗമില്ലാത്തതും ദുരിതം വർധിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.