വയനാട്: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന് ജില്ലയിൽ തുടക്കമായി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച തൊണ്ടർനാട് പഞ്ചായത്തിലെ പൊർളോം ഗ്രാമത്തെയാണ് ഈ വർഷം ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്.

ഗാന്ധി ജയന്തി ദിനത്തെ ഗ്രാമോത്സവമാക്കിയാണ് പൊർളോം ഗ്രാമം എതിരേറ്റത്. പ്രളയത്തിന്റെ ദുരിത ഓർമകളിൽ നിന്നും കരകയറുന്ന ഗ്രാമത്തിന് ഗാന്ധിയൻ ആശയങ്ങളും സാംസ്‌കാരിക കൂട്ടായ്മയും കരുത്തു നൽകുകയായിരുന്നു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന ഗാന്ധിജിയുടെ സന്ദേശത്തിനു ശക്തി പകരുകയാണ് ഇത്തരം പരിപാടികളിലൂടെയെന്ന് വിശിഷ്ടാതിഥികളും അഭിപ്രായപ്പെട്ടു.

ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് വകുപ്പ് സംഘടിപ്പിക്കുന്നത്. ജില്ലാതല പരിപാടി തൊണ്ടർനാട് പൊർളോം സാംസ്‌കാരിക നിലയത്തിൽ എഡിഎം തങ്കച്ചൻ ആന്റണി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ മൂല്യങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നെന്നും ആ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.