സാധനം വാങ്ങാന്‍ തുണിസഞ്ചി കരുതുന്ന സംസ്‌കാരം തിരികെ കൊണ്ടുവരണം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ


കൊല്ലം: പ്ലാസ്റ്റിക്കിന് പകരം കടയില്‍ പോകുമ്പോള്‍ തുണിസഞ്ചി കരുന്ന പഴയകാല രീതി തിരികെ കൊണ്ടുവരണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടമ്മ പറഞ്ഞു. പെരിനാടിനെ ഗ്രാമപഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കവെയായിരുന്നു മന്ത്രിയുടെ നിര്‍ദേശം. കൈയുംവീശി കടയില്‍ പോയി പ്ലാസ്റ്റിക് മാലിന്യങ്ങളുമായി വീട്ടിലെത്തുന്ന പുതിയ രീതി പരിസ്ഥിതിക്ക് ഒട്ടും ഭൂഷണമല്ല.

വരുന്ന തലമുറയ്ക്കായി പ്രകൃതിയെ സംരിക്ഷിക്കാന്‍ നാം ഓരോരുത്തരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. വിവാഹാഘോഷങ്ങള്‍ അടക്കം വീട്ടിലെ എല്ലാ ചടങ്ങുകളിലും ഹരിതചട്ടം പാലിക്കാന്‍ ശ്രദ്ധിക്കണം. പേപ്പര്‍ ഇലയും വലിച്ചെറിയുന്ന ഗ്ലാസ്സുകളും ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. റോഡില്‍ മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരം മലയാളി ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.