പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM)  കീഴിൽ നോർക്ക റൂട്ട്സിന്റെ  നേത്യത്വത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ്  ഒക്ടോബർ 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കല്ലായി റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടത്തും.

പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിചയപ്പെടുത്തി യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്നു തന്നെ പൂർത്തിയാക്കും. അഭിരുചിയുള്ളവർക്ക്  പുതിയ സംരംഭങ്ങൾ തുടങ്ങാൻ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യിലെ വിദഗ്ധർ നൽകും.

കോഴിക്കോട് ജില്ലാസഹകരണ ബാങ്ക് പുതിയതായി തുടങ്ങിയ പ്രവാസി മിത്രാ വായ്പാ പദ്ധതി പ്രകാരമുള്ള  വായ്പകൾ നോർക്കയുടെ ശുപാർശ പ്രകാരം അർഹരായവർക്ക് ലഭിക്കും. തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രോജക്ടിന്റെ സാദ്ധ്യതകൾ പരിശോധിച്ച് ബാങ്ക് നിബന്ധനകൾക്ക് വിധേയമായാണ് വായ്പ അനുവദിക്കും.

സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിവഴി സംരംഭകരാകാൻ താല്പര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും കൈയ്യിൽ കരുതണം.

താല്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ്‌സൈറ്റായ www.norkaroots.org ൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്ത്, ഓഡിറ്റോറിയത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (04712329738) നമ്പറിലും, നോർക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും 0495-2304885,2304882 നമ്പറിലും ലഭിക്കും.