ലോക കേരള സഭയുടെ ഭാഗമായി രണ്ടാംദിനമായ നാളെ (ജനുവരി 13) നടക്കുന്ന ഉപസമ്മേളനം സംസ്ഥാനത്ത് തിരികെയെത്തിയ പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരവഴികളും ചര്‍ച്ച ചെയ്യും. റിട്ടയര്‍മെന്റ് കാലത്തിന് ശേഷം പ്രവാസം മതിയാക്കി തിരികെയെത്തുന്ന മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ നേരത്തേ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പുതിയ സാഹചര്യം സമ്മേളനം ചര്‍ച്ച ചെയ്യും. പെന്‍ഷന്‍, ചികില്‍സാ സഹായം തുടങ്ങിയ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുപരിയായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനോ അതില്‍ പങ്കാളിയാവാനോ അവസരമൊരുക്കുന്ന പദ്ധതികളാണ് ഇപ്പോള്‍ അനിവാര്യമെന്ന് മുന്‍പ്രവാസിയും കൈരളി ടിവി ഡയരക്ടര്‍ ബോര്‍ഡ് അംഗവുമായ എ.കെ മൂസ അഭിപ്രായപ്പെട്ടു. പാതിവഴിയില്‍ പ്രവാസം മതിയാക്കി തിരിച്ചുവരേണ്ടി വരുന്ന ഇവര്‍, നിക്ഷേപസഹായമുള്‍പ്പെടെയുള്ള പദ്ധതികളാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൈവ കൃഷി മുതല്‍ വ്യവസായങ്ങള്‍ വരെയുള്ള വിവിധ പദ്ധതികള്‍ ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്കായി നടപ്പിലാക്കാനാവും. തിരികെയെത്തുന്നവരുടെ ബാക്കിയുള്ള സമ്പാദ്യം നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ മികച്ച സംവിധാനങ്ങളുണ്ടായാല്‍ പ്രവാസാനന്തര ജീവിതം പ്രയാസരഹിതമാക്കാന്‍ സാധിക്കും. ജീവിതത്തിന്റെ മുഖ്യഭാഗവും പ്രവാസജീവിതം നയിച്ച് തിരിച്ചെത്തുന്നവര്‍ക്ക് മാന്യവും സന്തോഷകരവുമായ റിട്ടയര്‍മെന്റ് ജീവിതം സാധ്യമാക്കാനുള്ള വഴികളും സമ്മേളനം ചര്‍ച്ച ചെയ്യും. തിരിച്ചെത്തുന്നവരുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ വിഷയമാവും.
എ.കെ മൂസ, പി സൈദാലിക്കുട്ടി, കെ വിജയകുമാര്‍, പി.സി വിനോദ്, ബെന്യാമിന്‍ എന്നിവരാണ് പ്രവാസത്തില്‍ നിന്ന് തിരിച്ചെത്തിയവരില്‍ നിന്നുള്ള ലോക കേരള സഭയിലെ പ്രതിനിധികള്‍. 1979 മുതല്‍ 2007 വരെ അബൂദബിയില്‍ അധ്യാപകനായി പ്രവാസ ജീവിതം നയിച്ച എ.കെ മൂസ അബൂദബിയിലെ ശക്തി തിയറ്റേഴ്‌സിന്റെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു. നോര്‍ക്ക മുന്‍ ഡയരക്ടറും കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഇദ്ദേഹം ശക്തി അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ കൂടിയാണ്. കണ്ണൂര്‍ സ്വദേശിയായ എ.കെ മൂസ ഇപ്പോള്‍ കുടുംബസമേതം പാലക്കാടാണ് താമസം.
പാലക്കാട് കുമ്പിടി സ്വദേശിയായ പി സൈദാലിക്കുട്ടി 1981 മുതല്‍ 1988 വരെ സൗദി അറേബ്യയിലായിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ഇദ്ദേഹം, കേരള പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാവ് കൂടിയാണ്. 1978 മുതല്‍ 2000 വരെ യു.എ.ഇയില്‍ പ്രവാസിയായിരുന്ന കെ വിജയകുമാര്‍ അല്‍ ഐന്‍ മലയാളി സമാജം രൂപീകരണത്തില്‍ പ്രധാനിയായിരുന്നു. തിരുവനന്തപുരം നേമം സ്വദേശിയായ ഇദ്ദേഹം, നിലവില്‍ കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റാണ്. സ്പീക്കര്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പ്രവാസി പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.