‘സാര്‍ ഞങ്ങള്‍ക്കൊരു ജോലി വേണം’ അദാലത്തിലേക്ക് കടന്നു വന്ന് ജില്ലാ കലക്ടറോട് ഭിന്നശേഷിക്കാരായ ഫായിസും ഹാദി അമിനും ആവശ്യപ്പെട്ടത് അദാലത്തിനെത്തിയവരെ അമ്പരപ്പിച്ചു. എന്നാല്‍ ഇരുവരോടും വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍ സാംബശിവ റാവു വൊക്കേഷണല്‍ ട്രയിനിങ് സെന്ററിലെ പഠനം കഴിഞ്ഞാല്‍ ജോലി കാര്യത്തില്‍ നടപടിയുണ്ടാക്കാമെന്ന ഉറപ്പ് ഇവര്‍ക്ക് ആശ്വാസമായി. മനം നിറഞ്ഞ ചിരിയോടെയാണ് രണ്ടുപേരും അദാലത്തില്‍ നിന്ന് മടങ്ങിയത്. ശനിയാഴ്ച ഓമശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ‘ഒപ്പം’ അദാലത്ത് സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍, ലൈഫ് പദ്ധതി, റേഷന്‍ കാര്‍ഡ് പരാതികള്‍ തുടങ്ങി വിവിധ ആവശ്യങ്ങളിലായി 214 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. കൂടത്തായ്, പുത്തൂര്‍, നീലേശ്വരം, രാരോത്ത് എന്നി നാല് വില്ലേജുകളിലെ അപേക്ഷകരുടെ പരാതികളാണ് പരിഗണിച്ചത്. സെറിബ്രല്‍ പാള്‍സി ബാധിതരായ രണ്ടുപേര്‍ക്ക് റിക്ലൈനര്‍ വീല്‍ചെയര്‍ നല്‍കാന്‍ നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. 11 വയസുകാരിയായ നടമ്മല്‍പൊയിലിലെ ഫാത്തിമ ഷെഹരിയക്കും മറ്റൊരു കുട്ടിക്കുമാണ് വീല്‍ചെയറുകള്‍ നല്‍കുക.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് അഞ്ച് പരാതികളാണ് ലഭിച്ചത്. ഇതില്‍ പുത്തൂര്‍ പാറോല്‍ ടി സി പുഷ്പവല്ലിയുടെ അപേക്ഷ പരിഗണിച്ച് ഇവരുടെ കാര്‍ഡ് എഎവൈ (അന്ത്യോദയ അന്നയോജന) വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചു. ഇവരുടെ 42ഉം 32ഉം വയസുള്ള രണ്ടു കുട്ടികള്‍ 55 ശതമാനം ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. മുന്‍ഗണനാ വിഭാഗത്തിലായിരുന്നു ഇവരുടെ റേഷന്‍ കാര്‍ഡ്. ഇതേ ആവശ്യമുന്നയിച്ച് ലഭിച്ച മറ്റ് കാര്‍ഡുടമകളുടെ പരാതികളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. കാട്ടുമൃഗ ശല്യങ്ങളില്‍ നിന്നു കൃഷി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വേനപ്പാറ സ്വദേശി നല്‍കിയ പരാതിയും പരിഗണിച്ചു.
ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയും പരിഗണിച്ചു. 55 അപേക്ഷകള്‍ ലഭിച്ചതിൽ മതിയായ രേഖകൾ ഹാജരാക്കിയ 48 എണ്ണവും പരിഗണിച്ചു. 60 പേര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനിച്ചു.