സുരക്ഷിത ഭക്ഷണ ശീലങ്ങളുമായി ‘പോഷണ്‍ മാഹ്’ ജില്ലാതല ശില്പശാല
കൊല്ലം: പിസ്സയും ബര്‍ഗറും ശീലമാക്കിയ പുത്തന്‍ തലമുറയ്ക്ക് ക്യാരറ്റ് ഇടിയപ്പവും, നാടന്‍ കൂമ്പിന്‍ കുറുക്കും, ചേന ചമ്മന്തിയും, കപ്പയ്ക്ക അച്ചാറും, മുളയരി പലഹാരങ്ങളും പുത്തന്‍ അനുഭവമായിരുന്നു.
‘അപപോഷണ രഹിത ഭാരതം’ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പോഷണ്‍ മാഹ് മാസാചരണത്തിന്റെ ഭാഗമായി നടത്തിയ ശില്പശാലയിലാണ് വരുംതലമുറ പിന്തുടരേണ്ട സുരക്ഷിത ഭക്ഷണ ശീലങ്ങളുടെ ഒരു നീണ്ട നിരതന്നെ പ്രദര്‍ശിപ്പിച്ചത്.
വനിതാ ശിശുവികസന വകുപ്പിന്റെയും ഫുഡ് സേഫ്റ്റി കേരള യുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചവറ ഐ സി ഡി എസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല എന്‍ വിജയന്‍ പിള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി.
വരുംതലമുറയുടെ ആരോഗ്യ ഭക്ഷണ ശീലങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ വീടുകളിലും സ്‌കൂളുകളിലും നിന്ന് തുടക്കം കുറിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്ന് എന്‍ വിജയന്‍ പിള്ള എം എല്‍ എ പറഞ്ഞു.
ഇത്തരം ഭക്ഷണ ശീലങ്ങള്‍ നിരവധി ജീവിതശൈലി രോഗങ്ങളും സമൂഹത്തില്‍നിന്ന് തുടച്ചു നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുഖ്യാതിഥിയായി. ഫുഡ് സേഫ്റ്റി ഓഫീസര്‍ അഞ്ജു സുരക്ഷിത ഭക്ഷണ ശീലങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എ നിയാസ് മുഖ്യപ്രഭാഷണം നടത്തി. പ•ന പഞ്ചായത്ത് പ്രസിഡന്റ് എസ് ശാലിനി, ജനപ്രതിനിധികളായ കോയിവിള സൈമണ്‍, എസ് ശോഭ, അയ്യപ്പന്‍ പിള്ള, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എസ് ഗീതാകുമാരി, ചവറ ശിശുവികസന പദ്ധതി ഓഫീസര്‍ ബി എസ് ശ്രീകല, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള എന്‍ എസ് എസ് വാളന്റിയര്‍മാര്‍, ഐ സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.