വയനാട്: പുത്തുമല പുനരധിവാസ നടപടികൾ പുരോഗമിക്കുന്നു. കള്ളാടി വാഴക്കാല എസ്‌റ്റേറ്റിൽ 11.40 ഏക്കർ ഭൂമി കണ്ടെത്തി. ജില്ലാ മണ്ണു സംരക്ഷണ വിഭാഗം പരിശോധിച്ച് പ്രദേശം വാസയോഗ്യമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റേറ്റ് ഭൂമി തരംമാറ്റി നൽകാൻ ജില്ലാ ഭരണകൂടം സർക്കാരിനെ സമീപിക്കും.
പ്രദേശത്ത് 100 വീടുകൾ അടങ്ങുന്ന ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കാനാണ് മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചിക്കുന്നത്. എട്ടുമാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ നിർവഹണത്തിന്റെ പൂർണ്ണ ചുമതല പഞ്ചായത്തിനെ ഏൽപ്പിക്കണമെന്ന ആവശ്യവും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് മുന്നോട്ടു വെച്ചിട്ടുണ്ട്.
ആധൂനിക രീതിയിൽ പ്രകൃതിയോടിണങ്ങുന്ന ടൗൺഷിപ്പാണ് ആലോചിക്കുന്നത്. സോളാർ സംവിധാനം, മഴവെള്ള സംഭരണി എന്നിവ ഒരുക്കും. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറച്ചു കൊണ്ടുമായിരിക്കും നിർമാണം. പ്രദേശത്ത് വീടും സ്ഥലവും നഷ്ടപ്പെട്ട 103 കുടുംബങ്ങളാണ് പുനരധിവാസ പട്ടികയിലുള്ളത്.
ഇതിൽ 20 ഓളം കുടുംബങ്ങൾ വിവിധ രീതിയിൽ വീടു നിർമാണം ആരംഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അവശേഷിക്കുന്നവർക്കാണ് വാഴക്കാല എസ്റ്റേറ്റിൽ പുനരധിവാസം സാധ്യമാക്കുക. ഓരോ വീടും നറുക്കെടുപ്പിലൂടെ അർഹരായവർക്ക് നൽകാനാണ് നിലവിലെ തീരുമാനം. പുത്തുമല ദുരന്ത ബാധിത പ്രദേശത്തുള്ള മുഴുവൻ പേരെയും ടൗൺഷിപ്പിൽ പുനരധിവസിപ്പിച്ചതിനു ശേഷം അവശേഷിക്കുന്ന വീടുകളിൽ അടുത്ത പ്രദേശങ്ങളിലുള്ളവരെ കൂടി പരിഗണിക്കാനുമാണ് ധാരണ.
അനുയോജ്യമെന്നു കണ്ടെത്തിയ വാഴക്കാല എസ്റ്റേറ്റിൽ നിന്നും മാതൃഭൂമി ഏഴ് ഏക്കർ ഭൂമിയും മലബാർ ഗോൾഡ് മൂന്ന് ഏക്കർഭൂമിയും വാങ്ങി നൽകും. എസ്‌റ്റേറ്റ് ഉടമ നൗഫൽ അഹമ്മദ് 1.45 ഏക്കർ ഭൂമിയും സൗജന്യമായി മേപ്പാടി പഞ്ചായത്തിന് കൈമാറാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. സ്‌പോൺസർ ഷിപ്പിലുടെയാണ് 100 വീടുകളും നിർമിക്കുന്നത്.
സിസിഎഫ് 50 വീടുകളും മേപ്പാടി വിംസ്, കുറ്റിപ്പുറം അസ്‌ഡോൺ എന്നിവർ 20 വീടുകൾ വീതവും പിപ്പിൾ ഫൗണ്ടേഷൻ 10 വീടുകളും കോഴിക്കോട് സ്വദേശി ഷാൻ 10 വീടുകളും നിർമിച്ചു നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് പറഞ്ഞു. എസ്റ്റേറ്റ് ഭൂമി തരംമാറ്റി കിട്ടുന്ന പ്രശ്‌നമാണ് നിലവിൽ പഞ്ചായത്തിനു മുന്നിലുള്ളത്. സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായാൽ പ്രവർത്തി ഉടൻ ആരംഭിക്കും.
പുത്തുമല പുനരധിവാസവുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ ചേമ്പറിൽ ചേർന്നിരുന്നു. സി.കെ ശശീന്ദ്രൻ എംഎൽഎ, വൈത്തിരി തഹദിൽദാർ ടി.പി അബ്ദുൾ ഹാരിസ്, ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ പി.യു ദാസ്, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സിബി വർഗീസ്, ഭൂമി നൽകാൻ സന്നദ്ധരായവരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.